ഇന്ത്യയുടെ ആദ്യത്തെ സംയുക്‌ത സേനാ മേധാവിയാണ്‌ (ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്‌റ്റാഫ്‌) ജനറല്‍ ബിപിന്‍ റാവത്ത്‌

0

ഊട്ടി: ഇന്ത്യയുടെ ആദ്യത്തെ സംയുക്‌ത സേനാ മേധാവിയാണ്‌ (ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്‌റ്റാഫ്‌) ജനറല്‍ ബിപിന്‍ റാവത്ത്‌. മൂന്ന്‌ സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാര്‍ച്ചിലാണ്‌ അദ്ദേഹം നിയമിതനാകുന്നത്‌.
1954ലെ ആര്‍മി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ്‌ അദ്ദേഹത്തെ ആ സ്‌ഥാനത്ത്‌ നിയമിച്ചത്‌. കര, വ്യോമ, നാവിക സേനകളുടെ സംയുക്‌ത മേധാവിയാണ്‌ സംയുക്‌ത സേനാ മേധാവി. സേനകള്‍ തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും മൂന്നു സേനകളെയും കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ്‌ സംയുക്‌ത സേനാ മേധാവിയുടെ ‘ചുമതല’. സൈനിക മേധാവിമാര്‍ക്ക്‌ തുല്യമായി നാലു സ്‌റ്റാര്‍ ഉള്ള ജനറല്‍ പദവിയാണ്‌ ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്‌റ്റാഫിന്റേത്‌. അതേസമയം പ്രോട്ടോക്കോള്‍ പ്രകാരം സൈനിക മേധാവിയേക്കാള്‍ മുകളിലാണ്‌.
സംയുക്‌ത സേനാ മേധാവി സ്‌ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പല പ്രസ്‌താവനകളും വിവാദമായിരുന്നു. പൗരത്വ ഭേദഗതിക്കെതിരേ രാജ്യത്ത്‌ പ്രക്ഷോഭം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്‌താവന വിവാദമായിരുന്നു.
ഉന്നത സൈനിക ഉദ്യോഗസ്‌ഥന്‍തന്നെ മൂന്നു സേനകളുടെയും ആവശ്യങ്ങള്‍ ആരാഞ്ഞ്‌, അവ തന്റെ വിദഗ്‌ധ സ്‌റ്റാഫ്‌ സമിതികളുടെ സഹായത്തോടെ പഠിച്ച്‌ ഭരണകൂടത്തെ നേരിട്ടു ധരിപ്പിക്കുന്ന സംവിധാനമാണ്‌ ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്‌റ്റാഫ്‌ കൊണ്ട്‌ വിഭാവനം ചെയ്യുന്നത്‌. 73-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കൊരു സംയുക്‌ത സേനാ മേധാവി അഥവാ ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്‌റ്റാഫ്‌ ഉണ്ടാകുമെന്ന്‌ പ്രഖ്യാപനം നടത്തിയത്‌. അത്‌ അന്ന്‌ ഏറെ ചര്‍ച്ചയ്‌ക്ക്‌ വഴിവച്ചിരുന്നു.

Leave a Reply