പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല’; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് തൃശൂർ അതിരൂപത

0

തൃശൂർ: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും തമ്മിലടിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും കത്തോലിക്കാസഭ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന പേരിലുള്ള ലേഖനം.

വിജയക്കുതിപ്പ് നടത്തുന്ന ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും വിമര്‍ശനമുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെയായിരുന്നു. അവിടെ മത്സരം നടന്നത് എസ്പിയും ബിജെപിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തിലില്ലാതായി. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും ഏറ്റവും വലിയ പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുകയാണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രതിവിധി ഉണ്ടാക്കാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുടചൂടി കൊടുക്കുകയാണ് പരസ്പരം തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും ലേഖനത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here