സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത് സ്ഥിരീകരിച്ച് ജി സുധാകരൻ

0

കൊച്ചി: സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത് സ്ഥിരീകരിച്ച് ജി സുധാകരൻ. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിട്ടില്ല. തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ജി സുധാകരൻ പറഞ്ഞു.

സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്നു വ്യക്തമാക്കി പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് ജി സുധാകരൻ കത്ത് നൽകിയത്.സംസ്ഥാന സമിതിയിൽ 75വയസെന്ന പ്രായ പരിധി കർശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി സുധാകരൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകിയത്. എന്നാൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിൽ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരന് എതിരെ പുതിയ ചേരി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം.

അന്ന് ജി സുധാകരനെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ‌ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നു. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണറായിയുടെ ഇടപെടൽ. “ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക” – പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി വിജയൻ അന്ന് പറഞ്ഞു.

ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ജി സുധാകരൻ സംസ്ഥാന സമിതിയിൽ തുടരാനില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കത്ത് മുഖേന രേഖാമൂലം അറിയിച്ചത്.

അതസമയം 75 വയസെന്ന പ്രായ പരിധി കർശനമാക്കുമ്പോൾ മുഖ്യമന്ത്രിക്ക് കിട്ടുന്ന ഇളവ് എം എൽ എയായ എം എം മണിക്കും കിട്ടുമോ എന്നതാണ് സി പി എമ്മിലെ ആകാംക്ഷ. കമ്മിറ്റിയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യം ഉള്ള കാലത്തോളം പാർട്ടി പ്രവർത്തനങ്ങളിൽ ഉണ്ടാകുമെന്ന് എം എം മണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here