കോവിഡില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം : മരിച്ചവര്‍ 65,501, അപേക്ഷ 63,867; നല്‍കിയത്‌ 272.19 കോടി രൂപ

0

കൊച്ചി : സംസ്‌ഥാനത്തു കോവിഡ്‌ ബാധിച്ചു 65,501 പേര്‍ മരിച്ചതായി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഈ മാസം മൂന്നുവരെയുള്ള കണക്കാണിത്‌. കഴിഞ്ഞമാസം 23 വരെ ധനസഹായത്തിനായി 63,867 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്‌. കോവിഡ്‌ ബാധിച്ചു മരിച്ച എല്ലാവര്‍ക്കും നഷ്‌ടപരിഹാരം നല്‍കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു സുപ്രീംകോടതി സംസ്‌ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളം അപൂര്‍ണമായി റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചിരുന്നത്‌. ഇതു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, അപേക്ഷ നല്‍കിയില്ല എന്നതു സഹായം നല്‍കാതിരിക്കാന്‍ കാരണമല്ലെന്നു വ്യക്‌തമാക്കിയിരുന്നു. എല്ലാവര്‍ക്കും 50,000 രൂപയുടെ സഹായം ഉറപ്പാക്കി ഇന്നു റിപ്പോര്‍ട്ട്‌ നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്‌. ലഭിച്ച അപേക്ഷയില്‍ 58,701 അപേക്ഷകള്‍ അപ്രൂവ്‌ ചെയ്‌തിട്ടുണ്ട്‌. ഒരു അപേക്ഷപോലും തിരസ്‌കരിച്ചിട്ടില്ല. ഇതുവരെ 272.19 കോടി രൂപ വിതരണം ചെയ്‌തിട്ടുണ്ട്‌. അപേക്ഷിച്ചവരില്‍ 392 പേര്‍ ധനസഹായം ആവശ്യമില്ലെന്നു എഴുതി നല്‍കിയിട്ടുണ്ട്‌. പലവട്ടം തദ്ദേശസ്‌ഥാപനങ്ങള്‍ വഴി നേരിട്ടു അറിയിപ്പു നല്‍കിയിട്ടും1327 പേര്‍ അപേക്ഷ കൊടുത്തിട്ടില്ല. പണം കൈപ്പറ്റുന്ന കാര്യത്തില്‍ കുടുംബത്തില്‍ അവകാശത്തര്‍ക്കം മൂലം 617 അപേക്ഷകളില്‍ പണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ഒരു മരണത്തിന്‌ ഒന്നിലധികം അപേക്ഷ ലഭിച്ച കേസുകള്‍ 936 എണ്ണമാണ്‌. കേരളീയരല്ലാത്ത 689 പേര്‍ അപേക്ഷിച്ചിട്ടുണ്ട്‌. ഇവരുടെ യഥാര്‍ഥ അവകാശികളെ കണ്ടെത്തേണ്ടതുണ്ട്‌. മരിച്ച 155 പേര്‍ക്കു അവകാശികള്‍ ഇല്ലെന്നാണു കണ്ടെത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച നടപടി സ്വീകരിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്‌റ്റിസുമാരായ എം.ആര്‍.ഷാ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണു കേസ്‌ പരിഗണിക്കുന്നത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കൊവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തതില്‍ രണ്ടാം സ്‌ഥാനത്തുള്ള കേരളം ഫയല്‍ ചെയ്‌ത സത്യവാങ്‌മൂലം അവ്യക്‌തമാണെന്ന്‌ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്‌ഥാനങ്ങള്‍ നഷ്‌ടപരിഹാരം നല്‍കുന്നതില്‍ വീഴ്‌ച വരുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഗൗരവ്‌ ബന്‍സാല്‍ സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്‌.

Leave a Reply