ഇന്ത്യയിലെ ഇന്ധനവില വലിയ പൊട്ടിത്തെറിയുടെ വക്കില്‍

0

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ ഇന്ധനവില വലിയ പൊട്ടിത്തെറിയുടെ വക്കില്‍. രാജ്യാന്തര എണ്ണവിലയിലെ സുപ്രധാന മാനദണ്ഡമായ ബ്രെന്റ്‌ ക്രൂഡ്‌ വില 113 ഡോളറിലെത്തി. 2014 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. യു.എസിനും ചൈനയ്‌ക്കും പിന്നില്‍, ഇന്ധന ഉപഭോഗത്തില്‍ മൂന്നാമതു നില്‍ക്കുന്ന ഇന്ത്യയെയാകും ഇത്‌ ഏറ്റവുമധികം ബാധിക്കുക.
പ്രതിദിനം 55 ലക്ഷം ബാരല്‍ ക്രൂഡോയിലാണ്‌ ഇന്ത്യയിലെ ഉപയോഗത്തിനു വേണ്ടത്‌. ഇതിന്റെ 85 ശതമാനം നാല്‍പ്പതോളം രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയാണ്‌. ഇതിന്റെ ഏറിയ പങ്കും പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും യു.എസില്‍നിന്നുമാണ്‌. വെറും രണ്ടു ശതമാനമാണു റഷ്യയില്‍നിന്നുള്ള ഇറക്കുമതി.
ഇന്ത്യ നൂറോളം രാജ്യങ്ങളിലേക്കു പെട്രോളിയം ഉത്‌പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്‌. ഇത്‌ ആകെ കയറ്റുമതിയുടെ 13 ശതമാനം വരും. എണ്ണയുടെ ആവശ്യകത ഓരോ വര്‍ഷവും മൂന്നു മുതല്‍ നാലു ശതമാനം വരെ വര്‍ധിക്കുന്നുണ്ട്‌. പത്തുവര്‍ഷം കൊണ്ട്‌ ഇന്ത്യയുടെ പ്രതിദിന ഉപഭോഗം 70 ലക്ഷം ബാരലിലെത്തുമെന്നാണു കണക്കാക്കുന്നത്‌.
ഉപയോഗത്തിന്റെ സിംഹഭാഗവും വാഹനഗതാഗതം, പ്ലാസ്‌റ്റിക്‌/പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ എന്നിവയിലേക്കാണ്‌. ഡീസലുപയോഗിച്ച്‌ ഏകദേശം 30,000 മെഗാവാട്ട്‌ വൈദ്യുതിയുമുണ്ടാക്കുന്നു. ഗാര്‍ഹിക ജനറേറ്ററുകളില്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്‌ ഡീസലിലാണ്‌.
ഇന്ത്യയുടെ റവന്യു വരുമാനവും പ്രധാനമായും എണ്ണയെ ആശ്രയിച്ചാണിരിക്കുന്നത്‌.
മൊത്തം എക്‌സൈസ്‌ നികുതിയുടെ പകുതിയും എണ്ണ-അനുബന്ധ മേഖലയില്‍നിന്നാണ്‌. സംസ്‌ഥാനങ്ങള്‍ ഇന്ധനങ്ങളുടെ വില്‍പ്പന-വാറ്റ്‌ നികുതിയിലൂടെയും വരുമാനം കണ്ടെത്തുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയുടെ നട്ടെല്ല്‌ എണ്ണമേഖലയാണെന്നു വ്യക്‌തമാക്കുന്നതാണ്‌ ഈ കണക്കുകള്‍.
എണ്ണവില ബാരലിന്‌ 70-75 ഡോളറായിരിക്കുമെന്ന പ്രതീക്ഷയിലാണു കഴിഞ്ഞ സാമ്പത്തിക സര്‍വേ സമ്പദ്‌വ്യവസ്‌ഥയില്‍ 8-8.5 ശതമാനം വളര്‍ച്ച കണക്കാക്കിയത്‌. രാജ്യാന്തര എണ്ണവിലവര്‍ധന ഈ കണക്കുകൂട്ടലുകളെയാകെ പിടിച്ചുലയ്‌ക്കാന്‍ പര്യാപ്‌തമാണ്‌. ഇറക്കുമതിക്കുള്ള ചെലവ്‌ കയറ്റുമതിയേക്കാള്‍ കൂടുന്നതു കറന്റ്‌ അക്കൗണ്ട്‌ കമ്മി പെരുകാനിടയാക്കും. ഇപ്പോള്‍ത്തന്നെ ആറു ശതമാനം കടന്ന പണപ്പെരുപ്പത്തിന്റെ രൂപത്തിലാകും അടുത്ത ആഘാതം. എണ്ണവില ഇതിനു മുമ്പു 100 ഡോളര്‍ കടന്ന 2014-ല്‍ വലിയ പണപ്പെരുപ്പവും കറന്റ്‌ അക്കൗണ്ട്‌ കമ്മിയും വളര്‍ച്ചാമാന്ദ്യവുമാണ്‌ ഇന്ത്യക്ക്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌.
എണ്ണ-ഊര്‍ജത്തിനായി അധികം പണം ചെലവഴിക്കേണ്ടിവരുന്നതോടെ മറ്റു മേഖലകള്‍ തളര്‍ച്ച നേരിടുമെന്ന്‌ ഊര്‍ജമേഖലയിലെ വിദഗ്‌ധനായ നരേന്ദ്ര തനേജ ചൂണ്ടിക്കാട്ടി. കോവിഡിന്റെ ആഘാതത്തില്‍നിന്നു കരകയറുന്നതിനിടെയാണു യുദ്ധത്തിന്റെ രൂപത്തില്‍ പുതിയ ആഘാതം ഉറ്റുനോക്കുന്നത്‌. എണ്ണ രാജ്യങ്ങള്‍ ഉത്‌പാദനം വര്‍ധിപ്പിച്ചാല്‍ വലിയ പരുക്കില്ലാതെ ഈ കാലം കടന്നുപോകും. ഇന്ത്യയുടെ 63,300 കോടി ഡോളര്‍ വരുന്ന വിദേശനാണ്യ ശേഖരവും തുണയാകും.
അതേസമയം, ഇന്ത്യ ഊര്‍ജസുരക്ഷയില്‍ വലിയ ആസൂത്രണം നടത്തണമെന്ന മുന്നറിയിപ്പാണു യുക്രൈന്‍ യുദ്ധം നല്‍കുന്നതെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ആന്‌ധ്ര, തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങളില്‍ കാറ്റില്‍നിന്ന്‌ ഊര്‍ജമുണ്ടാക്കാനുള്ള സാധ്യതയടക്കം ഓരോ സ്രോതസും കാര്യക്ഷമമായി ഉപയോഗിക്കാനാകണം.

Leave a Reply