Monday, January 17, 2022

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപം

Must Read

  1. ഇന്ന് 19,675 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,19,594 പരിശോധന നടന്നു. 142 മരണങ്ങളുണ്ടായി. 1,61,026 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാവുകയാണ്. സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി
ദൈനംദിന ആക്ടീവ് കേസുകൾ 1,78,363 ആണ്. അവയിൽ 2 ശതമാനം മാത്രമേ ഓക്സിജൻ കിടക്കകളിലുള്ളൂ. ഒരു ശതമാനം മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത്. പുതുതായുള്ള കേസുകളിലെ വളർച്ചാ നിരക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 13 ശതമാനം കുറഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം, എെസിയു, വെന്റിലേറ്റർ, ഓക്സിജൻ സപ്പോർട്ട് എന്നിവ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് യഥാക്രമം 10%, 6%, 7%, 10% കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. കോവിഡ് വാക്സിൻ എടുത്തവരും ജാഗ്രത പാലിക്കണം. വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. പ്രത്യേകിച്ചും അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുമുണ്ട്.

മാസ്ക് ധരിക്കുന്നതിൽ ഒരിളവും ഇപ്പോൾ വരുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും മാസ്കില്ലാതെ പലരും ഇടപഴകുന്നത് ശ്രദ്ധയിലുണ്ട്. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. റസ്റ്ററൻറിൽ മാസ്കില്ലാതെ സപൈ്ലചെയ്യാനും പാകംചെയ്യാനും നിന്നാൽ ഒറ്റയടിക്ക് അനേകം പേർക്ക്
രോഗം പകരുന്നതിലേക്കാണ് നയിക്കുക. അത്തരം അപകട അാധ്യത ഒഴിവാക്കിയേ തീരൂ.

വാക്സിനേഷനിൽ മറ്റൊരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ രണ്ട് ഡോസും സ്വീകരിച്ച്
വാക്സിനേഷൻ പൂർത്തിയാക്കി. അതേസമയം
ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനവും (90.57) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,91,036 പേർ ആദ്യ ഡോസ് വാക്സിനും 1,01,68,405 പേർ രണ്ടാം ഡോസ് വാക്സിനും (38.07 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,43,59,441 ഡോസ് വാക്സിൻ നൽകാനായി. സംസ്ഥാനത്ത് ആകെ 24 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് വാക്സിൻ എടുക്കാനുള്ളത്. ഇക്കാരണത്തിൽ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും തിരക്കില്ല. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സിൻ വിതരണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തികരിക്കാൻ സാധിക്കും.

മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്സിനെടുക്കാനുണ്ട്. വാക്സിനെടുക്കുന്നതിൽ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് ആവർത്തിച്ചു പറയുകയാണ്. 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്സിനെടുക്കാൻ തയ്യാറാവണം. വയോജനങ്ങളിലും അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവർ ആശുപത്രിയിൽ തക്ക സമയെത്തുന്നതിൽ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേർക്കാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ ജീവൻ നഷ്ടപ്പെട്ടത്. 65 വയസിന് മകളിലുള്ളവർ എല്ലാം തന്നെ വാക്സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാൽ കൃത്യ സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താൽ മരണ നിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും. അക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും വീട്ടുകാരുടെ ഭാഗത്തു നിന്നും ശ്രദ്ധ ഉണ്ടാകണം.

സംസ്ഥാനത്ത് സെറോ പ്രിവിലൻസ് പഠനം പൂർത്തിയായി വരികയാണ്. രോഗം വന്നും വാക്സിനേഷൻ സ്വീകരിച്ചും എത്ര ശതമാനം ആളുകൾക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലൻസ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണ് കോളേജുകൾ അടുത്തമാസവും സ്കൂളുകൾ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായത്.

സ്കൂളുകൾ തുറക്കുന്നു

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷക്കാലമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംബർ 1 മുതൽ തുറക്കുകയാണ്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആണ് നവംബർ ഒന്നിന് ആരംഭിക്കുക. നവംബർ 15 മുതൽ മറ്റുളള ക്ലാസുകൾ ആരംഭിക്കും. സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണ്.

വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാർ ഇത് സംബന്ധിച്ച ചർച്ച നടത്തി. വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തിൽ നാളെ ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർത്തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

കോളേജുകൾ, സ്കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനമൊരുക്കും. സ്കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പാക്കും.

സ്കൂൾ വാഹനങ്ങളിലെ ഡൈ്രവർമാർ, കണ്ടക്ടർ, ആയമാർ എന്നിവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം നൽകുക. സാമൂഹിക അകലം പാലിക്കേണ്ടതിൻറെ ആവശ്യകത,
സാനിടൈസർ, മാസ്ക് എന്നിവ ശരിയായി
ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കും.

നുറുദിന പരിപാടികൾ – പുരോഗതി

2021 ജൂൺ 11 ന് ആരംഭിച്ച് 2021 സെപ്റ്റംബർ 19 ന് പര്യവസാനിച്ച 100 ദിവസ കാലയളവിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ ചില പ്രത്യേക പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്. അവ നടപ്പാക്കുന്നതിലെ പുരോഗതി അറിയിക്കുമെന്ന് പരിപാടി പ്രഖ്യാപിച്ച വേളയിൽ
പറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗം ശക്തമായി നിലനിന്ന ഘട്ടമാണ് ഇത്. അതുമൂലം ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും നടപ്പാക്കേണ്ടിവസമയം കൂടിയായിരുന്നു. ഇൗ പരിമിതികൾക്കിടയിലൂടെയാണ് സർക്കാരിന്റെ ആദ്യ നൂറുദിന പരിപാടി മുന്നോട്ടുപോയത്. പശ്ചാത്തല സൗകര്യം, സാമൂഹ്യമേഖലകളിലെ വികസനം, ക്ഷേമ പരിപാടികൾ നടപ്പാക്കൽ എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന പരിപാടിയാണ് നൂറുദിനത്തിനുള്ളിൽ പൂർത്തയാക്കാൻ ലക്ഷ്യമിട്ടത്. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്ത് നൂറുദിന പരിപാടി വിജയത്തിലെത്തിക്കാൻ കഴിഞ്ഞു. ചില ലക്ഷ്യങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. പലതും ലക്ഷ്യത്തിനപ്പുറം എത്താനായി.

ലൈഫ് പദ്ധതിയിൽ നൂറുദിവസത്തിനുള്ളിൽ 10,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 12,067 വീടുകൾ ഈ കാലയളവിൽ പൂർത്തീകരിച്ചു.

തൃശൂർ ജില്ലയിലെ പഴയന്നൂരിലെ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുകളുള്ള ഭവനസമുച്ചയം “കെയർ ഹോം’ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തീകരിച്ചു.

മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതി പ്രകാരം 308 വ്യക്തിഗത വീടുകളും 276 ഫ്ളാറ്റുകളും പൂർത്തിയാക്കി.

ഭൂരഹിതരായ 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. പാർപ്പിടത്തോടൊപ്പം

ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എൽഡിഎഫ് നയം. ഈ സർക്കാരിന്റെ കാലത്ത് അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കും.

അഭ്യസ്തവിദ്യരുടെയും അല്ലാത്തവരുടെയും തൊഴിലില്ലായ്മ സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം സാമ്പത്തിക വളർച്ചയ്ക്ക് ആഘാതമേറ്റു. ഇത് മറികടക്കാനാണ് നൂറുദിന പരിപാടിയി 77,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടത്. വിവിധ വകുപ്പുകൾ വഴി പ്രത്യക്ഷമായും പരോക്ഷമായും 74651 പേർക്ക് തൊഴിൽ നൽകി. ഇതിൽ 4954 എണ്ണം പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്കുള്ള അഡൈ്വസാണ്. ഇതിനു പുറമെയാണ് സംസ്ഥാന സർക്കാർ വകുപ്പുകൾ ഏറ്റടുത്ത നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങൾ. വൈദ്യുതി വകുപ്പ് ഏറ്റെടുത്ത കരാർ പണികളിലൂടെ 4,56,016 തൊഴി ദിനങ്ങൾ ഈ കാലയളവിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം വഴി 60,000 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.

208 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പരിപാടി പൂർത്തീകരിച്ചിട്ടുണ്ട്.

548 അംഗൻവാടികളുടെ വൈദ്യുതീകരണം പൂർത്തിയാക്കി.

50 ആരോഗ്യ സ്ഥാപനങ്ങളിൽ 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 5 മെഡിക്കൽ കോളേജുകളിൽ 14.09 കോടി രൂപയുടെ 15 പദ്ധതികളും നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ 65 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മോഡുലാർ ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമായി.

പട്ടികജാതി വകുപ്പിന്റെ കീഴിൽ പൂർത്തിയാകാതെ കിടന്ന 1000 വീടുകൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നു. അത് കടന്ന്, 1188 വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠന മുറി നിർമ്മാണം, വൈദ്യുതീകരണം, ആവശ്യത്തിനുള്ള ഫർണ്ണിച്ചർ എന്നിവ ഉൾപ്പെടെ 1000 എണ്ണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നു. 1752 എണ്ണം പൂർത്തീകരിച്ചു.

177.11 കോടി രൂപ ചെലവഴിച്ചുള്ള 7 റോഡ് പദ്ധതികൾ കിഫ്ബി വഴി പൂർത്തിയാക്കി. റീബിൽഡ് കേരള വഴി 414.26 കോടി രൂപയുടെ നാല് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. ഇതിനു പുറമെ, 286.36 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കരാറിലേർപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വിനിയോഗം ചെയ്ത് നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 1000 റോഡുകൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

236.85 കോടി രൂപ മുതൽമുടക്കിൽ 92 സ്കൂളുകളും 48 ലാബുകൾ, 100 ലൈബ്രറികൾ എന്നിവയും ഉദ്ഘാടനം ചെയ്തു. 107 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അക്കാദമിക് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിൽ 1000 പേർക്ക് 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

“സുഭിക്ഷം,സുരക്ഷിതം കേരളം’ എന്ന ലക്ഷ്യത്തോടെ 23566 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി ആരംഭിച്ചു.

പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി 2 കോടി വരെ വായ്പയാണ് ലഭ്യമാക്കുന്നത്.

കേന്ദ്ര സർക്കാർ വിൽക്കാൻ വെച്ചിരുന്ന കാസർഗോഡ് ബെൽ -ഇഎംഎൽ സർക്കാർ ഏറ്റെടുത്തു.

ബേപ്പൂരിൽ നിന്നും കൊച്ചി വരെയും കൊല്ലത്ത് നിന്നും കൊച്ചി വരെയും തീരദേശ ഷിപ്പിംഗ് പൂർത്തിയാക്കി.

3 ഫുട്ബോൾ അക്കാദമികൾ നാടിനു സമർപ്പിച്ചു. അതിൽ രണ്ടെണ്ണം വനിതകൾക്ക് മാത്രമായാണ്.

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ് പൂർത്തിയാക്കി.

ചെല്ലാനം കടൽ തീരത്തെ കടലാക്രമണം തടയാനുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 1 മുതൽ 450 ഓളം വരുന്ന വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റികൾ എന്നിവ വഴി 2,15,721 വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.

യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള “ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി. 100 പുതിയ സമുച്ചയങ്ങൾ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നാടിനു സമർപ്പിച്ചു. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിർമ്മിച്ചത്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗതിയിലാണ്.

ഇത് പൂർണ്ണമായ ഒരു പട്ടികയല്ല. നൂറ് ദിന പരിപാടിയിൽ പ്രഖ്യാപിച്ച ചില പ്രധാന കാര്യങ്ങൾ പറഞ്ഞതേയുള്ളൂ. കഴിഞ്ഞ സർക്കാർ തുടങ്ങി്വെച്ച കാര്യങ്ങൾ പൂർത്തിയാക്കാനും പുതിയവ ഏറ്റെടുക്കാനും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഏതു പ്രതിസന്ധിയിലും സർക്കാരിന്റെ വാഗ്ദാനം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News