ന്യൂഡൽഹി: കോവിഡ് മഹാമാരിയോടനുബന്ധിച്ച ലോക്ഡൗൺ വരുത്തിവെച്ച സാമ്പത്തിക ദുരിതത്തിൽ രാജ്യത്ത് കുട്ടിക്കടത്ത് വ്യാപകമായി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കുടുംബങ്ങളെ വാഗ്ദാനങ്ങളിൽ കുരുക്കി കുട്ടികളെ വിലക്കുവാങ്ങി മറിച്ചുവിൽക്കുന്ന മാഫിയകളെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടികളെ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ച് പലവിധത്തിൽ ചൂഷണം ചെയ്യുന്നതായും കണ്ടെത്തി.
കഴിഞ്ഞ എട്ടു മാസത്തിനിടെ ഇത്തരത്തിൽ കടത്തിയ 1600 കുട്ടികളെയാണ് നൊബേൽ ജേതാവ് കൈലാഷ് സത്യാർഥിയുടെ സന്നദ്ധ സംഘടന ‘ബച്പൻ ബച്ചാവോ ആന്ദോളൻ’ (ബി.ബി.എ) കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 25 മുതലാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത് വരുത്തിവെച്ചത്. നിരവധി കുടുംബങ്ങൾ ബാങ്കുകളിൽനിന്നും വട്ടിപ്പലിശക്കാരിൽനിന്നും വായ്പ എടുക്കാൻ നിർബന്ധിതരായി. എന്നാൽ, വായ്പ തിരിച്ചടക്കാനാകാതെ നട്ടംതിരിഞ്ഞ കുടുംബങ്ങളെ ലക്ഷ്യംവെച്ച കുട്ടിക്കടത്ത് മാഫിയ ഇത് അവസരമാക്കി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ബി.ബി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ധനഞ്ജയ് തിങ്കൾ പറഞ്ഞു.
ബിഹാറിൽനിന്ന് കടത്തിയ 13കാരനെ ഗുജറാത്ത് ഗാന്ധിനഗറിലെ വസ്ത്ര ഫാക്ടറിയിൽനിന്നാണ് കണ്ടെത്തിയത്. അവിടെ 12 മണിക്കൂറാണ് ബാലനെ ജോലിയെടുപ്പിച്ചത്. ഇടുങ്ങിയ മുറിയിൽ മറ്റ് ആറു കുട്ടികൾക്കൊപ്പമായിരുന്നു താമസം. വാഗ്ദാനം ചെയ്ത കൂലി ലഭിച്ചതുമില്ല. ആഴ്ചയിൽ അരദിവസം മാത്രമായിരുന്നു അവധി.
ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മകനായിരുന്നു അവൻ. തൊഴിൽ നഷ്ടപ്പെട്ടതോടെ 11 അംഗ കുടുംബം പുലർത്താനാകാതെ പ്രതിസന്ധിയിലായ അവർ കുടിലിെൻറ മേൽക്കൂര നന്നാക്കാൻ 20,000 രൂപ വായ്പ എടുത്തിരുന്നു. ജോലി ഇല്ലാത്തതിനാൽ ഇത് തിരിച്ചടക്കാൻ കഴിയാതായതോടെ മകനെ 20,000 രൂപക്ക് വിൽക്കുകയായിരുന്നു.
മറ്റൊരു 14കാരനെ ജയ്പുരിലെ ആഭരണ നിർമാണ ശാലയിൽനിന്നാണ് സംഘടന മോചിപ്പിച്ചത്. ലോക്ഡൗൺമൂലം തൊഴിൽ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് 5000 രൂപ മുൻകൂറായി നൽകി ജോലി വാഗ്ദാനം ചെയ്താണ് മകനെ കുട്ടിക്കടത്ത് മാഫിയ ആഭരണ ശാലയിൽ എത്തിച്ചത്. ജയ്പുരിലെ ആഭരണശാലകൾ കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ കുപ്രസിദ്ധമാണ്.
ഏപ്രിൽ മുതൽ നവംബർ വരെ 1675 കുട്ടികളെയാണ് ബി.ബി.എ കണ്ടെത്തി മോചിപ്പിച്ചത്. ഇവരെ കടത്തിയ 107 പേർ അറസ്റ്റിലായി.
English summary
From April to November, the BBA identified and released 1675 children. 107 traffickers were arrested.