Wednesday, December 1, 2021

ഒരുകുടുംബത്തിലെ നാലു പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

കൊട്ടാരക്കര: ഒരുകുടുംബത്തിലെ നാലു പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (56), ഭാര്യ അനിത (48), മക്കളായ ആദിത്യ രാജ്‌ (24), അമൃതാ രാജ്‌ (20) എന്നിവരാണ്‌ മരിച്ചത്‌.
അനിതയെയും മകന്‍ ആദിത്യ രാജ്‌, മകള്‍ അമൃതാ രാജ്‌ എന്നിവരെ വെട്ടേറ്റ നിലയിലും ഗൃഹനാഥനായ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലുമാണ്‌ കണ്ടത്‌. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചതാകാമെന്നാണ്‌ പോലീസ്‌ നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നിലുള്ള കാരണങ്ങള്‍ വ്യക്‌തമല്ല.
കൊട്ടാരക്കര നീലേശ്വരത്തെ സ്വകാര്യസ്‌ഥാപനത്തിലെ ജീവനക്കാരനായ ആദിത്യരാജ്‌ ഇന്നലെ രാവിലെ ജോലിക്ക്‌ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ സഹപ്രവര്‍ത്തകന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്‌ അന്വേഷിച്ച്‌ വീട്ടിലെത്തി. കതകു തുറന്നുകിടന്നതിനാല്‍ അകത്തു കയറി നോക്കിയപ്പോള്‍ ഹാളില്‍ ആദിത്യ രാജിനെ വെട്ടേറ്റു മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇയാള്‍ വിവരം അയല്‍വാസികളെയും പോലീസിനെയും അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ്‌ അമ്മയെയും മകളെയും വെട്ടേറ്റു മരിച്ച നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടത്‌. അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും മകന്റെ മൃതദേഹം മുന്‍വശത്തെ ഹാളിലുമാണ്‌ കിടന്നിരുന്നത്‌. ഗൃഹനാഥന്‍ മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
നേരത്തെ വിദേശത്തായിരുന്ന രാജേന്ദ്രന്‍ നാട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഭാര്യ അനിത തൊഴിലുറപ്പു തൊഴിലാളിയും. മകള്‍ അമൃത ബിരുദവിദ്യാര്‍ഥിനിയുമായിരുന്നു. കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തിക ബാധ്യതകളൊ ഇവര്‍ക്കുള്ളതായി അടുത്ത ബന്ധുക്കള്‍ക്കൊ അയല്‍വാസികള്‍ക്കൊ അറിവില്ല. സന്തുഷ്‌ട കുടുംബമായിരുന്നു ഇവരുടേതെന്ന്‌ അവര്‍ പറയുന്നു.
വീടു നിര്‍മാണത്തിലെ ബാധ്യത സംബന്ധിച്ച പ്രശ്‌നങ്ങളുള്ളതായി പോലീസ്‌ സംശയിക്കുന്നു. വീടിന്റെ നിര്‍മാണം തുടങ്ങിയിട്ട്‌ പത്തു വര്‍ഷത്തോളമായി. കൈയില്‍ പണം വരുന്ന മുറയ്‌ക്കായിരുന്നു വീടു നിര്‍മാണം. രാത്രി പത്തുവരെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മറ്റു ശബ്‌ദങ്ങളൊന്നും കേട്ടിരുന്നില്ല.
കൊടുവാള്‍ ഉപയോഗിച്ചാണ്‌ മൂന്നു പേരെയും വെട്ടി കൊലപ്പെടുത്തിയിട്ടുള്ളത്‌. ഈ കൊടുവാള്‍ വീടിന്‌ മുമ്പില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുണ്ടായിരുന്നു. അര്‍ധരാത്രിക്ക്‌ ശേഷമാവും ദാരുണ സംഭവങ്ങള്‍ അരങ്ങേറിയതെന്നും ആസൂത്രിതമായാണ്‌ കൊലപാതകം നടത്തിയതെന്നുമാണ്‌ പോലീസിന്റെ നിഗമനം. ഐ.ജി.സഞ്‌ജയ്‌ കുമാര്‍ ഗരുഡ, റൂറല്‍ എസ്‌.പി. കെ.ബി. രവി തുടങ്ങിയവര്‍ സംഭവസ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ദര്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News