ന്യൂഡൽഹി: 20 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ. അശ്വിനി അറോറ, വിജയ് അറോറ എന്നിവരെയും ഇവരുടെ ഭാര്യമാരെയുമാണ് ഡൽഹി പോലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് അറസ്റ്റ് ചെയ്തത്. 2016-ൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ ഡൽഹിയിലും ഗാസിയബാദിലും നടത്തിയ റെയ്ഡിനൊടുവിലാണ് പിടികൂടിയത്.
ഒരേ വസ്തുവകകളുടെ വ്യാജ രേഖകൾ നിർമിച്ച് വിവിധ തവണകളായി ഈടുനൽകി വായ്പ സ്വന്തമാക്കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്ത വസ്തുവിന്റെ വ്യാജ രേഖ നിർമിച്ചും ഇവർ വായ്പ തരപ്പെടുത്തിയിരുന്നു. 2016-ൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സോണൽ മാനേജർ തങ്ങൾ കബളിപ്പിക്കപ്പെട്ടത് മനസിലാക്കി പോലീസിൽ പരാതി നൽകിയതോടെയാണ് കുടുംബത്തിന്റെ തട്ടിപ്പ് പുറത്തായത്.
2011 മുതൽ പ്രതികളുടെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ ഒ.ഡി.പി. നേടി വായ്പ തരപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ നിർമിച്ച് അത് ഈടായി നൽകിയാണ് ഒ.ഡി.പി. സംഘടിപ്പിച്ചിരുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് ഇതേ വസ്തു മറ്റു ബാങ്കുകളിലും പണയപ്പെടുത്തിയതായി കണ്ടെത്തിയത്.
അഞ്ച് ബാങ്കുകളിൽനിന്നായി 20 കോടിയിലേറെ രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. തിരിച്ചറിയൽ രേഖകളടക്കമുള്ള വിവിധ രേഖകൾ പ്രതികൾ വ്യാജമായി നിർമിച്ചിരുന്നു. ഇതുപയോഗിച്ച് രജിസ്ട്രാർ ഓഫീസുകളിൽ പ്രതികളുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ വസ്തുവിന്റെ രജിസ്ട്രേഷനും നടത്തി. ഈ രേഖകൾ പിന്നീട് ബാങ്കിന് ഈടായി നൽകിയാണ് വായ്പകൾ തരപ്പെടുത്തിയിരുന്നത്.
ബാങ്കിന് തുടക്കത്തിൽ കൃത്യമായ പലിശ നൽകിയിരുന്ന പ്രതികൾ പിന്നീട് ആറ് കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് പോലീസിൽ പരാതി നൽകിയതോടെയാണ് മറ്റ് തട്ടിപ്പുകളെക്കുറിച്ചും കണ്ടെത്തിയത്.
English summary
Four members of a family, including women, arrested in loan scam worth over Rs 20 crore