Monday, January 17, 2022

സി.പി.എമ്മിൽനിന്ന് നടപടിക്ക് വിധേയനായ കൊച്ചി മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കറിനെ സി.ഐ.ടി.യു.വിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കി

Must Read

സി.പി.എമ്മിൽനിന്ന് നടപടിക്ക് വിധേയനായ കൊച്ചി മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കറിനെ സി.ഐ.ടി.യു.വിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കി. മണിശങ്കറിനെ മാറ്റാൻ സി.പി.എം. തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയിലെ പാർട്ടി ഫ്രാക്ഷൻ ചേർന്ന് അതിന് അംഗീകാരം നൽകുകയായിരുന്നു.

സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരനെ ജില്ലാ സെക്രട്ടറിയാക്കി. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജോൺ ഫെർണാണ്ടസിനെ തീരുമാനിച്ചു. മണിശങ്കർ സി.ഐ.ടി.യു.വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ആ സ്ഥാനത്തുനിന്ന് നീക്കണമെങ്കിൽ സംസ്ഥാന സമിതിയിലെ പാർട്ടി ഫ്രാക്ഷൻ തീരുമാനിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിശങ്കറിനെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ്‌ ചെയ്യാൻ ഒരു മാസം മുമ്പ് തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി സമ്മേളനങ്ങളിൽനിന്നും മറ്റും മണിശങ്കറിന് മാറി നിൽക്കേണ്ടി വന്നിരിക്കുകയാണ്. അതേസമയം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയായി അദ്ദേഹം തുടരുകയായിരുന്നു. നടപടി നേരിട്ടയാൾ സി.ഐ.ടി.യു.വിന്റെ തലപ്പത്ത് തുടരുന്നതിൽ അനൗചിത്യമുണ്ടായിരുന്നു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ഉൾപ്പെടെ എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണിശങ്കർതന്നെ ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനും കത്ത്‌ നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പാർട്ടി തീരുമാനം.

പാർട്ടി നടപടിക്ക് തൊട്ടുമുമ്പാണ് മണിശങ്കറിനെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനാക്കിയത്. ആ സ്ഥാനം അദ്ദേഹം രാജിവെച്ചിട്ടില്ല. സി.ഐ.ടി.യു. നേതൃസ്ഥാനത്തുനിന്ന് നീക്കിയതോടെ സമാനമായി പാർട്ടി നടപടി നേരിട്ട മറ്റു നേതാക്കളുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമായി.

പാർട്ടിയിൽനിന്ന് സസ്പെൻഡ്‌ ചെയ്യപ്പെട്ട മറ്റു നേതാക്കന്മാരിൽ പലരും തൊഴിലാളി യൂണിയനുകളുടെയും സഹകരണ സംഘങ്ങളുടെയും മറ്റും നേതൃസ്ഥാനത്ത് തുടരുന്നുണ്ട്. അവരേയും ഈ സ്ഥാനങ്ങളിൽനിന്ന് മാറ്റേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമായിട്ടുണ്ട്. പാർട്ടി നടപടി നേരിട്ടാൽ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റേണ്ടതില്ലെന്ന അഭിപ്രായമുള്ള നേതാക്കളുമുണ്ട്. എറണാകുളം ജില്ലയിൽത്തന്നെ മുമ്പ് പാർട്ടി നടപടി എടുത്ത മുതിർന്ന നേതാക്കൾ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹിത്വം ഒഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News