ആലപ്പുഴ∙ കെപിസിസി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബർ 20ന് ആണു കോവിഡ് സ്ഥിരീകരിച്ചത്. കോവിസ് ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് ഫലം നെഗറ്റീവായി.
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു. ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കൾ: ഡോ. ധന്യ, ധനിക് (യുകെ).
English summary
Former General Secretary of KPCC. CR Jayaprakash (68) passed away