ന്യൂഡൽഹി: മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയോടെ
ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഓഗസ്റ്റ് 31-ന് രാജീവ് കുമാർ ചുമതലയേൽക്കും. അശോക് ലാവസ സ്ഥാനമൊഴിയുന്നതോടെയാണ് നിയമനം.
1984-ബാച്ചിലെ ജാർഖണ്ഡ് കേഡറിലെ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാർ. അശോക് ലാവസയെ കൂടാതെ സുശീൽ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണർ. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുണ്ട് രാജീവ് കുമാറിന്
ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് വേണ്ടിയാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവെച്ചത്. രണ്ടു വർഷം കാലാവധി ശേഷിക്കേയാണ് ലാവസ പടിയിറങ്ങുന്നത്. അടുത്ത വർഷം മുഖ്യ തെര ഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ വിരമിക്കുമ്പോൾ ആ പദവിയിലെത്തേണ്ട മുതിർന്ന കമ്മീഷണറായിരുന്നു ലവാസ.
എന്നാൽ, മുഖ്യ കമ്മീഷണറായി ലവാസ വരുന്നതു തടയാൻ കേന്ദ്രം കരുക്കൾ നീക്കിയിരുന്നതായി ആരോപണമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ പെരുമാറ്റ ച്ചട്ട ലംഘന പരാതികളിൽ നടപടിയെടുക്കേണ്ടെന്ന കമ്മീഷൻ തീരുമാനത്തോടു ലവാസ വിയോജിച്ചിരുന്നു. ലവാസയുടെ വിയോജിപ്പ് പരിഗണിക്കാതെ മുഖ്യ കമ്മീഷണർ സുനിൽ അറോറയും, കമ്മീഷണർ സുശീൽ ചന്ദ്രയും ചേർന്നു മോദിക്കും ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതു വിവാദവുമായിരുന്നു.
English summary
Former Finance Secretary Rajiv Kumar has been appointed as the Election Commissioner