തിരുവനന്തപുരം : സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തു വരാനുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെയ്റ്റ് ചെയ്യൂ. സമയമാകുമ്പോള്‍ ഇതെല്ലാം പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ താന്‍ പിന്നിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ ഇതെല്ലാം പുറത്തുവരും എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്.
അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ അമിതമായി ആഹ്ലാദിക്കുകയോ, ഏതോ വലിയ വിജയം കിട്ടിയെന്ന് വിചാരിക്കുകയോ ചെയ്യുന്നില്ല. അന്നും വലിയ ടെന്‍ഷന്‍ എടുത്തില്ല. ഇപ്പോഴും അമിതമായി ആഹ്ലാദിക്കുന്നില്ല.
ഇതൊക്കെ ഇതിന്റെ ഭാഗം എന്ന നിലയിലാണ് കാണുന്നത്. പൂര്‍ണമായും കുറ്റക്കാരനല്ല എന്നുള്ള നിലയിലുള്ളത് വരാന്‍ ഇനിയും ചില കാര്യങ്ങള്‍ കൂടി പുറത്തുവരേണ്ടതുണ്ട്. തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ വേദനിക്കുന്ന ചിലരുണ്ടാകും. താന്‍ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് താന്‍ ഒന്നും പറയുന്നില്ല.
സോളാര്‍ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. അന്വേഷണം കൊണ്ട് സര്‍ക്കാരിന്റെ പണം പോയതല്ലാതെ വേറെ ഗുണമുണ്ടായിട്ടില്ല. അനാവശ്യമായി ഇനിയും പണം കളയണമെന്ന് ആഗ്രഹമില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
English summary
Former Chief Minister Oommen Chandy has said that the truth is yet to come out in the solar case