പൊലീസിനെ പോലും ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കിട്ടിയത് മുട്ടൻപണി; റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ‘ബംഗാളികൾ’ ജയിലിൽ തന്നെ; ജാമ്യത്തിലിറക്കാൻ പോലും ആരുമില്ല

0

കൊച്ചി: കിഴക്കമ്പലത്തെ സംഘർഷത്തിൽ പ്രതികളായ അന്യസംസ്ഥാന തൊഴിലാളികൾക്ക് റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാനാകുന്നില്ല. ജാമ്യ വ്യവസ്ഥകൾ പാലിക്കാനുള്ള സഹായം ലഭിക്കാത്തതാണ് തൊഴിലാളികൾക്ക് വിനയാകുന്നത്. സ്വാഭാവിക ജാമ്യം ലഭിക്കാവുന്നവർക്ക് പോലും ജാമ്യത്തുക നൽകാൻ കഴിയാത്തതിനാൽ പുറംലോകത്ത് വരാൻ കഴിയാത്ത സാഹചര്യമാണ്. ആൾജാമ്യവും 7000 രൂപ ബോണ്ടും ഹാജരാക്കിയാൽ പലർക്കും ജയിലിൽ നിന്നും പുറത്തുവരാം. എന്നാൽ, ഇതിന് സാഹചര്യമില്ലാത്തതിനാൽ ഇവർ ജയിലിൽ തന്നെ തുടരുന്കയാണ്.

ഗുരുതരമല്ലാത്ത വകുപ്പുകൾ ചുമത്തിയ പ്രതികൾക്ക് പോലും നിയമസഹായം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനാകുന്നില്ല. ജാമ്യവ്യവസ്ഥ നടപ്പാക്കാൻ വരെ തൊഴിലുടമയോ ലീഗൽ സർവീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കൾ പറയുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നിലപാട്.

കഴിഞ്ഞ ഡിസംബർ 26ന് രാത്രി പൊലീസിനെ ആക്രമിച്ച കേസിൽ കിറ്റെക്‌സ് കമ്പനിയിൽ തൊഴിലെടുക്കുന്ന 174 പേരാണ് അറസ്റ്റിലായത്. ഇതിൽ 51 പ്രതികൾക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തിയത്. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയ 120 പ്രതികൾ പോലും റിമാൻഡ് കാലാവധി പൂർത്തിയാക്കിയിട്ടും ജയിലിൽ തുടരുന്നു. ലീഗൽ സർവീസ് സൊസൈറ്റിയുടെ ഇടപെടൽ കാര്യക്ഷമമല്ല. സ്വാഭാവിക ജാമ്യം കിട്ടുന്നവർ പോലും ആൾജാമ്യവും 7000 രൂപ ബോണ്ടും ഹാജരാക്കാൻ ഇല്ലാത്തതിനാൽ ജയിലിൽ തന്നെ തുടരുന്നു.

തൊഴിലാളികളിൽ വലിയൊരു വിഭാഗം ഉത്തരേന്ത്യയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ചുരുക്കം ചിലരുടെ ബന്ധുക്കൾ എറണാകുളത്ത് എത്തിയെങ്കിലും പണമില്ലാത്തതിനാൽ നിയമനടപടി തുടരാനാകുന്നില്ല. വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നുമാണ് കിറ്റെക്‌സ് കമ്പനിയുടെ നിലപാട്. തൊഴിലാളികളുടെ ബന്ധുക്കളെ വിവരം അറിയിച്ച് നിയമനടപടി തുടരാനുള്ള ശ്രമത്തിലാണ് പ്രോഗസ്റ്റീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകൾ.

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു.

ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസ് തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിൽ കിറ്റെക്സിലെ അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിഴക്കമ്പലം പൊലീസ് കിറ്റെക്സിൽ എത്തുന്നത്. എന്നാൽ, പൊലീസ് എത്തിയതോടെ തൊഴിലാളികളുടെ മട്ടുമാറി. പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സമീപ വീടുകളിൽ അഭയം തേടുകയും കല്ലേറിൽ നിന്നും രക്ഷപെടാനായി അവിടയുണ്ടായിരുന്ന ഹെൽമറ്റുകൾ വാങ്ങിയെന്നും നാട്ടുകാർ പറയുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പൊലീസിനെ അവിടെ നിന്നും രക്ഷപെടുത്തിയത്. കൂടുതൽ പൊലീസുകാർ എത്തിയെങ്കിലും നൂറുകണക്കിന് വരുന്ന തെഴിലാളികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മൂന്ന് പൊലീസ് വാഹനങ്ങൾ ഇതിനിടെ അക്രമികൾ നശിപ്പിക്കുകയും ചെയ്തു.

നാഗാലാന്റിൽ നിന്നും മണിപ്പൂരിൽ നിന്നുമുള്ളവരായിരുന്നു കിഴക്കമ്പലത്തെ ക്വാട്ടേഴ്‌സിൽ കഴിഞ്ഞത്. ഇവർ സ്ഥിരം പ്രശ്‌നക്കാരായിരുന്നു. നാട്ടുകാർക്ക് സ്ഥിരം തലവേദന. മദ്യപിച്ചും കഞ്ചാവടിച്ചും നാട്ടുകാരോട് പലപ്പോഴും മോശമായി പെരുമാറുന്നവർ. ലഹരിയിൽ ആറാടിയത് കിറ്റക്‌സിലെ സ്‌കിൽഡ് ലേബേഴ്‌സ് എന്നാണ് റിപ്പോർട്ട്. നാട്ടുകാരുടെ പരാതിയിൽ എത്തിയ പൊലീസിനേയും ആക്രമിക്കുകയായിരുന്നു അവർ. സിഐ അടക്കമുള്ളവരെ വളഞ്ഞിട്ട് മർദ്ദിച്ച് പ്രകോപനം സൃഷ്ടിച്ചതോടെ പൊലീസിന് സംഭവത്തിന്റെ ഗൗരവം പിടികിട്ടി. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചതോടെ കൂടുതൽ സേന എത്തി കമ്പനി ക്വാട്ടേഴ്‌സിലേക്ക് ഇരച്ചു കയറി അക്രമികളെ കീഴടക്കുകയായിരുന്നു. കിഴക്കമ്പലത്ത് കഞ്ചാവിൽ മുങ്ങിയ ക്രിസ്മസ് ആഘോഷമാണ് അർദ്ധരാത്രിയിൽ പ്രശ്‌നങ്ങൾക്ക് കാരണമായത്.

പൊലീസ് ജീപ്പിനുള്ളിൽ പൊലീസുകാരെ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനെ പൊലീസ് പ്രതിരോധിച്ചു. പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തൻകുരിശിൽ നിന്നും കുന്നത്തുനാട്ടിൽ നിന്നും കൂടുതൽ പൊലീസ് എത്തി. കിഴക്കമ്പലത്തെ കിറ്റക്‌സ് മാനേജ്‌മെന്റും സജീവ ചർച്ചകൾക്ക് എത്തി. എന്നാൽ തൊഴിലാളികൾ മാനേജ്‌മെന്റിനെ കേട്ടില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ഏതാണ്ട് നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രശ്‌നം കൈവിട്ടതോടെ ആലുവ റൂറൽ എസ് പി കാർത്തിക് സ്ഥലത്തെത്തി.

സംഭവം അറിഞ്ഞ് പുത്തൻകുരിശ് സി ഐ സ്വന്തം വാഹനത്തിൽ സ്ഥലത്ത് എത്തി. അദ്ദേഹത്തെ വളഞ്ഞു വച്ച് ആക്രമിച്ചു. ഇതോടെയാണ് പുത്തൻകുരിശ് പൊലീസ് സ്ഥലത്തേക്ക് വന്നത്. ഈ പൊലീസ് ജീപ്പിനെയാണ് തടഞ്ഞു വച്ച് കത്തിക്കാൻ ശ്രമിച്ചത്. ജീപ്പ് തുറക്കാൻ സമ്മതിക്കാതെ കത്തിക്കുകയായിരുന്നു. എന്നാൽ കത്തുന്ന ജീപ്പിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് അക്രമികളെ മാറ്റി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.

ഇതിനിടെ കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. അപ്പോഴും തൊഴിലാളികൾ കല്ലേറ് തുടർന്നു. നാട്ടുകാരേയും ആക്രമിച്ചു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചവരെ ആക്രമിച്ചു. ഫോൺ നശിപ്പിച്ചു. ഇതിനിടെ കൂടതൽ പൊലീസ് സ്ഥലത്തെത്തി. ജീവനക്കാരുടെ ക്വാട്ടേഴ്‌സ് വളഞ്ഞ് അവർ അകത്തേക്ക് പ്രവേശിച്ചു. ലാത്തിചാർജ്ജിലൂടെ അക്രമികളെ കീഴടക്കി. അഞ്ചരയോടെയാണ് സ്ഥിതി ഗതികൾ ശാന്തമായത്. അഞ്ചര മണിക്കൂറോളം കിഴക്കമ്പലം യുദ്ധക്കളമായി മാറി.

കിറ്റെക്സ് തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ അപ്രതീക്ഷിതവും യാദൃച്ഛികവുമായുണ്ടായ സംഭവത്തെ രാഷ്ട്രീയവത്‌കരിക്കുന്നവർ കിറ്റെക്സിനോടുള്ള പക തീർക്കാനാണ് ശ്രമിക്കുന്നതെന്ന് സാബു എം ജേക്കബ് നേരത്തേ ആരോപിച്ചിരുന്നു. വീണു കിട്ടിയ അവസരം മുതലാക്കി കമ്പനി അടച്ചുപൂട്ടിക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

12 ക്വാർട്ടേഴ്സുകളിലായി 984 ജീവനക്കാരാണ് അവിടെ താമസിക്കുന്നത്. ഇതിൽ 499 മലയാളികളും 485 ഇതര സംസ്ഥാന തൊഴിലാളികളുമാണ്. ഇതിലെ 10, 11, 12 നമ്പർ ക്വാർട്ടേഴ്സുകളിലെ മലയാളികളെ ഒഴിവാക്കി 162 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയെല്ലാം പ്രതിയാക്കുകയും ചെയ്തു എന്നാണ് സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞത്.

Leave a Reply