എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ദില്ലിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഡിസംബര്‍ 12 മുതല്‍ പഠനം നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി ഡിസംബര്‍ 12 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പത്തു ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
1963ല്‍ നിര്‍മിച്ച പാലത്തിന് 13 സ്പാനുകളിലായി 411.48 മീറ്ററാണ് നീളം. പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ബലം, വിവിധ ഘടകങ്ങള്‍ക്കുണ്ടായിട്ടുള്ള കേടുപാടുകള്‍ എന്നിവ സംബന്ധിച്ച് മൊബൈല്‍ ബ്രിഡ്ജ് ഇന്സ്പെക്ഷന് യൂണിറ്റ് ഉപയോഗിച്ച് സമഗ്രമായ പഠനം നടത്തും.

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടവർ
അങ്കമാലിയിൽ നിന്നും മൂവാറ്റുപുഴക്ക് വരുന്നവർ ആലുവ വഴി പെരുമ്പാവൂരിലെത്തണം
അങ്കമാലിയിൽ നിന്നും പെരുമ്പാവൂരിലേക്ക് വരുന്നവർ മറ്റൂരിൽ നിന്നോ കാലടിയിൽ നിന്നോ ഇടത്തോട്ട് തിരിഞ്ഞ് കാലടി – മലയാറ്റൂർ റോഡ് വഴി മലയാറ്റൂർ – കോടനാട്പാലം വഴി കോടനാട് വല്ലം റോഡ് വഴി വല്ലത്തെത്തി പെരുമ്പാവൂർക്ക് യാത്ര ചെയ്യാം
അങ്കമാലിക്ക് പോകേണ്ടവർ
മൂവറ്റുപുഴയിൽ നിന്നും വരുന്നവർ പെരുമ്പാവൂർ ആലുവ വഴി അങ്കമാലിയിലേക്ക് യാത്ര ചെയ്യാം
മൂവാറ്റുപുഴയിൽ നിന്നും കാലടിയിലേക്ക് പോകേണ്ടവർ വല്ലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് വല്ലം കോടനാട് റോഡ് വഴി മലയാറ്റൂർ – കോടനാട്പാലം കടന്ന് കാലടി മലയാറ്റൂർ റോഡ് വഴി കാലടിയിൽ എത്താം
മൂവാറ്റുപുഴയിൽ നിന്നും നെടുമ്പാശേരിയിലേക്ക് പോകേണ്ടവർ
പെരുമ്പാവൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടിസി റോഡ് വഴി മഹിളാലയം തുരുത്ത് പാലം കടന്ന് വലത്തോട്ട്, കാലടി – ആലുവ റോഡ്, ചൊവ്വര -നെടുവന്നൂർ – ആവണംകോട് റോഡ് വഴി നെടുമ്പാശേരിയിൽ എത്താം. തിരികെ പോകേണ്ടവർക്കും ഇതേ പാത ഉപയോഗിക്കാം
മറ്റൊരു വഴി
ആലുവ – പെരുമ്പാവൂർ കെ.എസ്.ആർ.ടിസി റോഡ് വഴി തിരുവൈരാണികുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി – ആലുവ റോഡ്,ചൊവ്വര -നെടുവന്നൂർ – ആവണംകോട് റോഡ് വഴി നെടുമ്പാശേരിയിൽ എത്താം