യുക്രൈനില്‍ ഒഴുകുന്നത്‌ രക്‌തപ്പുഴയും കണ്ണീരും: മാര്‍പാപ്പ

0

വത്തിക്കാന്‍ സിറ്റി: റഷ്യയുടെ യുക്രൈന്‍ അധിനിവേശം സൈനിക ദൗത്യമല്ലെന്നും മരണവും വിനാശവും വിതയ്‌ക്കുന്ന യുദ്ധം തന്നെയെന്നും ഫ്രാന്‍സിസ്‌ മാര്‍പാപ്പ. യുക്രൈനില്‍ ഒഴുകുന്നതു രക്‌തപ്പുഴയും കണ്ണീരുമെന്നും മാര്‍പാപ്പ.
വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ നടന്ന ഞായറാഴ്‌ച പ്രാര്‍ഥനയിലാണ്‌ റഷ്യ-യുക്രൈന്‍ യുദ്ധം മാര്‍പാപ്പ വിഷയമാക്കിയത്‌. യുദ്ധം ഭ്രാന്താണ്‌. ഈ ക്രൂരത കാണുന്നില്ലേ? ദയവു ചെയ്‌ത്‌ ഈ ഭ്രാന്ത്‌ അവസാനിപ്പിക്കൂ- അദ്ദേഹം അഭ്യര്‍ഥിച്ചു. യുക്രൈനില്‍ സമാധാനം പുനഃസ്‌ഥാപിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ വത്തിക്കാന്‍ തയാറാണ്‌.
മാനുഷിക ഇടനാഴികള്‍ തുറന്ന്‌ സാധാരണക്കാരെ യുദ്ധമുഖത്തിനു പുറത്തെത്തിക്കണം. മനുഷ്യത്വപരമായ സമീപനങ്ങള്‍ക്കു സഹായവും പിന്തുണയും നല്‍കാന്‍ രണ്ടു കര്‍ദിനാള്‍മാരെ യുക്രൈനിലേക്ക്‌ അയച്ചിട്ടുണ്ട്‌. മാര്‍പാപ്പയുടെ സാന്നിധ്യം അറിയിക്കുകയാണ്‌ ലക്ഷ്യം. ഒപ്പം പോരാട്ടത്തിന്‌ അവസാനം കുറിക്കാന്‍ മുന്നിട്ടിറങ്ങുന്നതിനു ലോകത്തിനു പ്രേരകശക്‌തിയാകുമെന്നുമാണു പ്രതീക്ഷ-മാര്‍പാപ്പ പറഞ്ഞു. കൈവശപ്പെടുത്തലില്ല പങ്കിടലിലൂടെയാണ്‌ യഥാര്‍ഥ ആഹ്‌ളാദവും സ്വാതന്ത്ര്യവും അനുഭവവേദ്യമാകുന്നതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

Leave a Reply