തിരുവനന്തപുരം: സംസ്ഥാനത്ത് 16 ഇനം പച്ചക്കറികൾക്ക് തറവില (അടിസ്ഥാനവില) നിശ്ചയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളപ്പിറവി ദിനത്തിൽ പ്രാബല്യത്തിൽ വരും. സഹകരണവകുപ്പും കൃഷി വകുപ്പും ചേർന്ന് ഇവ സംഭരിക്കും. സംഭരിക്കാൻ ആദ്യഘട്ടമായി 250 കേന്ദ്രങ്ങൾ തുടങ്ങും. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനം പച്ചക്കറിക്ക് തറവില നിശ്ചയിക്കുന്നത്. പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയും കർഷകർക്ക് മികച്ച വില ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ഉൽപാദനചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് തറവില തീരുമാനിക്കുക. വിപണിവില കുറയുമ്പോള്‍ അടിസ്ഥാനവില കര്ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. വിലയുടെ ഏറ്റക്കുറച്ചിലുകളില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കാൻ സഹായിക്കും. പച്ചക്കറി ഉല്പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.
വിളകള്‍ വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കും. ഒരു കര്ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്ഥലത്തിനേ ആനുകൂല്യ അര്‍ഹതയുണ്ടാകൂ.
തറവില ഇങ്ങനെ
മരച്ചീനി -12 രൂപ
ഏത്തക്കായ: നേന്ത്രൻ-30,
വയനാടൻ-24
പൈനാപ്പിൾ -15
കുമ്പളം -ഒമ്പത്
വെള്ളരി -എട്ട്
പാവൽ -30
പടവലം -16
വള്ളിപ്പയർ -34
തക്കാളി -എട്ട്
വെണ്ടക്ക- 20
കാബേജ് -11
കാരറ്റ് -21
ഉരുളക്കിഴങ്ങ് -20
ബീൻസ് -28
ബീറ്റ്റൂട്ട് -21
വെളുത്തുള്ളി -139.
വിപണിവില അടിസ്ഥാനവിലയിലും താഴെ പോയാല്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. കര്‍ഷകരുടെ രജിസ്ട്രേഷന്, പ്രദേശവും ഉല്പാദനവും നിര്‍ണയിക്കൽ, പ്രാദേശിക ഉല്പന്നമാണെന്ന് സാക്ഷ്യപ്പെടുത്തല്‍ എന്നിവ എ.ഐ.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
സംഭരണ ഏജന്‍സികള്‍ക്കെല്ലാം ബാധകമാകുന്ന പ്രവര്‍ത്തന നടപടിക്രമങ്ങള്‍ വകുപ്പ് തയാറാക്കും. സംഭരിച്ച വിളകള്‍ ‘ജീവനി-കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡില്‍ വില്‍ക്കും.
പ്രിസിഷന്‍ ഫാമിങ് (സൂക്ഷ്മ കൃഷി) വഴി ഉല്പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാന ഉല്പാദനക്ഷമത പഠിച്ച് തീരുമാനമെടുക്കാൻ കൃഷിവകുപ്പിനെ ചുമതലപ്പെടുത്തി.
English summary
Floor prices of 16 varieties of vegetables in the state