ഒരു വര്‍ഷത്തിനിടെ അഞ്ച് ആത്മഹത്യകള്‍; ട്രാന്‍സ്ജെന്‍ഡറുകളുടെ മരണം തുടര്‍ക്കഥയോ?

0

കൊച്ചി: ഒരുവര്‍ഷത്തിനിടെ അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകളാണ് കൊച്ചിയില്‍ ആത്മഹത്യ ചെയ്തത്. മാനസികസമ്മര്‍ദവും അനാരോഗ്യവും തിരസ്‌കരണവുമൊക്കെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതം പ്രതിസന്ധിയിലാക്കുന്നത്. 2021 ജൂലായില്‍ അനന്യകുമാരിയുടെ ആത്മഹത്യ ഏറെ ചര്‍ച്ചയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവും പ്രശ്‌നങ്ങളുമാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചത്.

2014 -2015 വര്‍ഷത്തില്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മുഴുവന്‍പേരും ജീവിതത്തില്‍ ഒരു വട്ടമെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന് ഡെമോക്രാറ്റിക് ട്രാന്‍സ്‌ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി ശ്യാമ എസ്. പ്രഭ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി സര്‍ക്കാര്‍ ആരംഭിച്ച പിയര്‍ സപ്പോര്‍ട്ട് പ്രാക്ടീസ് എന്ന പദ്ധതി ഇന്നും പ്രാരംഭഘട്ടത്തിലാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനും ഇവരെ കേള്‍ക്കുന്നതിനും ഇതേ വിഭാഗത്തില്‍പ്പെട്ടവരെ നിയോഗിക്കുന്ന പദ്ധതിയാണിത്. ഇതിനായി 28 പേര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍, പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനെ അംഗീകരിക്കുന്നതോടൊപ്പം സംസ്ഥാനത്ത് മാനസികാരോഗ്യ സാക്ഷരതയും ആവശ്യമാണ്. ഇവരിലുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാനും ചികിത്സിക്കാനും സമൂഹം തയ്യാറാകേണ്ടതുണ്ട്. ചികിത്സ വൈകുന്നതാണ് പല ആത്മഹത്യകള്‍ക്കും കാരണമാകുന്നത്. ഏതൊരു വ്യക്തിയെ പോലെയും ഇവരെയും ചേര്‍ത്തുനിര്‍ത്താന്‍ സമൂഹം തയ്യാറാകണം.

അനന്യ കുമാരി അലക്സിന്റെ ആത്മഹത്യ

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇടപ്പളളി ടോള്‍ ജംങ്ഷനു സമീപത്തെ ഫ്‌ളാറ്റിലാണ് അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച സംഭവിച്ചതായി അനന്യ മുന്‍പ് പരാതി ഉന്നയിച്ചിരുന്നു. ഇതിലുളള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. കൊല്ലം സ്വദേശിനിയായ അനന്യ കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിയും, ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അനന്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

2020 ജൂണിലായിരുന്നു അനന്യ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടത്. ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാൻ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ് -അനന്യ അഭിമുഖത്തിൽ പറയുന്നു.

റെനൈ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. 2,55,000 രൂപയോളം ചെലവായി. കുടലിൽ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിർമിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ തന്നെ പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സർജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്. ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാനോ ചുമയ്ക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നു -അനന്യ പറയുന്നു.

ഷെറിൻ സെലിൻ മാത്യു തൂങ്ങി മരിച്ച നിലയിൽ

ഏറ്റവും ഒടുവിലായി നടിയും മോഡലുമായ ട്രാൻസ്ജൻഡർ ഷെറിൻ സെലിൻ മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെറിൻ വീഡിയോ കോൾ ചെയ്ത്. സുഹൃത്തുക്കളാണ് ഇക്കാര്യം മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയത്. ഷെറിൻ ആർക്കാണ് വിളിച്ചത് എന്നതിൽ വ്യക്തതയില്ല. ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മുറിയിലുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.

കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. വർഷങ്ങളായി കൊച്ചിയിലാണ് താമസം. സുഹൃത്തുക്കളുമായി ഇവർക്ക് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു നടി.

LEAVE A REPLY

Please enter your comment!
Please enter your name here