ദുബൈ: ദുബൈയില്‍ മസാജനായി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ശിക്ഷ വിധിച്ചു. ആഫ്രിക്കക്കാരായ കുറ്റവാളികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതിയുടെ ഉത്തരവ്. പ്രതികളിലോരോരുത്തരും 6800 ദിര്‍ഹം വീതം പിഴയടയ്ക്കുകയും വേണം.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ഒരു സ്ത്രീ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിക്കുകയും ചെയ്തിരുന്നു. പിടിയിലായ എല്ലാവരും 22നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. സ്ത്രീയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പേജ് സൃഷ്ടിച്ച് അതിലൂടെ വാഗ്ദാനം ചെയ്താണ് ബ്രിട്ടീഷ് പൗരനെ മസാജിനായി ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റിലെത്തിച്ചത്. ഇയാള്‍ സ്ഥലത്തെത്തിയപ്പോള്‍ ബലമായി പിടിച്ചുവെച്ച് കെട്ടിയിടുകയും 1080 ദിര്‍ഹവും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.
നേരത്തെ സംഘത്തിന്റെ തട്ടിപ്പിനിരയായ ഇന്ത്യക്കാരന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. തട്ടിപ്പിനരയായ വിവരം ഇയാള്‍ ആദ്യം പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ തന്റെ സുഹൃത്തിനും അതേ ഫോണ്‍ നമ്പറില്‍ നിന്ന് മസാജ് വാഗ്ദാനം ചെയ്ത് സന്ദേശമെത്തിയപ്പോഴാണ് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചത്. ബ്രിട്ടീഷ് പൗരനെ പൂട്ടിയിട്ട് കവര്‍ച്ച നടത്തുന്നതിനിടെ പൊലീസ് സംഘം അന്വേഷണത്തിനായി സ്ഥലത്തെത്തുകയായിരുന്നു. പ്രതികള്‍ വാതില്‍ തുറന്നപ്പോള്‍ തന്നെ, പൊലീസിനൊപ്പം വന്ന ഇന്ത്യക്കാരന് പ്രതികളെ തിരിച്ചറിഞ്ഞു.
സ്ഥലത്ത് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘം പൊലീസിനെയും ആക്രമിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു. ബാല്‍ക്കണിയില്‍ ഒളിച്ചിരിക്കുകയായിരുന്ന യുവതിയാണ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിച്ചത്. തെരച്ചിലിനിടെ ബാത്ത്റൂമില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ബ്രിട്ടീഷുകാരനെ പൊലീസ് കണ്ടെത്തി. രക്ഷപ്പെട്ട് ഓടുന്നതിനിടെ കാലിന് പരിക്കേറ്റ ഒരു പ്രതി വേദന സഹിക്കാനാവാതെ പൊലീസിന് കീഴടങ്ങുകയും ചെയ്തിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാവും
English summary
Five people, including two women, have been convicted of embezzling money from a massage parlor in Dubai.