അമ്മയും മക്കളുമുൾപ്പെടെ അഞ്ച് പേർ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ക്രൂരകൃത്യം നടന്നിട്ടും അയൽവാസികൾ ഒന്നും അറിയാഞ്ഞതിൽ ദുരൂഹത; കൊല്ലപ്പെട്ട കുട്ടികൾക്ക് പോലും കുത്തേറ്റത് പല തവണ; അന്വേഷണം ആരംഭിച്ച് പോലീസ്

0

ബംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയും നാലും എട്ടും വയസ്സുള്ള മക്കളും ഉൾപ്പെടെയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കർണ്ണാടക കൃഷ്ണരാജസാഗറിലാണ് സംഭവം. ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), അനന്തരവനായ ഗോവിന്ദ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച നടന്ന കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മോഷണശ്രമമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. സംഭവ സമയത്ത് ലക്ഷ്മിയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ വീടിൻറെ കതകിൽ പലവട്ടം തട്ടിയിട്ടും മറുപടി ലഭിക്കാത്തതിൽ സം‍ശയം തോന്നിയതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊല്ലപ്പെട്ടവർക്ക് പലതവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും വിവിധ സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ മോഷണമാണോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

അയൽവാസികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇത്തരമൊരു ക്രൂരകൃത്യം നടന്നിട്ടും സമീപവാസികൾ സംഭവം അറിയാത്തതിൽ ആശയക്കുഴപ്പമുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികൾ പോലും ക്രൂരമായി കൊലചെയ്യപ്പെട്ടതിന് പിന്നിൽ മോഷണല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാമെന്നും, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply