പശ്‌ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു മരണം

0

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു മരണം. 45 പേര്‍ക്കു പരുക്കേറ്റു. ഗുവാഹത്തി-ബിക്കാനീര്‍ എക്‌സ്‌പ്രസാണ്‌ ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ ജല്‍പായ്‌ഗുരി ജില്ലയിലെ മയ്‌നാഗുരിക്ക്‌ സമീപം അപകടത്തില്‍പ്പെട്ടത്‌.
അഞ്ചു ബോഗികള്‍ പാളം തെറ്റിയെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. 12 ബോഗികള്‍ പാളം തെറ്റിയെന്ന്‌ പിന്നീട്‌ റെയില്‍വേ അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ 24 പേരെ ജല്‍പായ്‌ഗുരി ജില്ലാ ആശുപത്രിയിലും 16 പേരെ മയ്‌നാഗുരി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരാവസ്‌ഥയിലുള്ള 10 പേരെ സിലിഗുരി മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്‌.
ബുധനാഴ്‌ച ബിക്കാനീര്‍ ജങ്‌ഷനില്‍ നിന്ന്‌ പുറപ്പെട്ട ട്രെയിന്‍ ഇന്നലെ വൈകിട്ട്‌ ഗുവാഹത്തിയില്‍ എത്തേണ്ടതായിരുന്നു. അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ്‌ വിവരം. മൂടല്‍മഞ്ഞും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിനു തടമസമാകുന്നുണ്ട്‌. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്‌ ഉത്തരവിട്ടതായി അറിയിച്ച റെയില്‍ മന്ത്രി അശ്വനി വൈഷ്‌ണവ്‌, വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചുവെന്നും വ്യക്‌തമാക്കി.
മരിച്ചവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക്‌ ഒരു ലക്ഷവും പരുക്കേറ്റവര്‍ക്ക്‌ 25,000 രൂപയും വീതം സഹായം നല്‍കും. റെയില്‍വേ ബോര്‍ഡ്‌ ചെയര്‍പഴ്‌സണ്‍, റെയില്‍വേ ബോര്‍ഡ്‌ സുരക്ഷാ വിഭാഗം ഡി.ജി തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നിന്ന്‌ അപകടസ്‌ഥലത്തേക്കു തിരിച്ചു.

Leave a Reply