മത്സ്യബന്ധനത്തിന് പോയ വള്ളത്തിന് ലഭിച്ചത് ‘പ്ലാസ്റ്റിക്ക് ചാകര’

0

കാസര്‍കോട്: കരയെപോലെ കടലും മലിനമാകുന്നതിന് തെളിവുമായി മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ നീലേശ്വരം മടക്കര ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളക്കാര്‍ക്ക് ലഭിച്ചത് ഒരു വള്ളം നിറയ്ക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ കടലില്‍ എന്തോ പൊന്തി കിട്ടക്കുന്നത് കണ്ട് അങ്ങോട്ട് വള്ളം ഓടിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളുടെ വലിയൊരു കൂമ്പാരമായിരുന്നു അത്. ഒടുവില്‍ മത്സ്യബന്ധനത്തിന് പോയവര്‍ കടലില്‍ നിന്ന് മാലിന്യങ്ങളുമായി തിരികെ വരേണ്ടിവന്നെന്ന് ‘പച്ച കുറുമ്പ’ എന്ന് വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

‘കേരളത്തിന്‍റെ സൈന്യം’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വീഡിയോ ആദ്യം വന്നത്. പിന്നീട് മത്സ്യത്തൊഴിലാളികളുടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയായി. നീലേശ്വരം തീരത്ത് നിന്ന് ഏതാണ്ട് 13 മാറിലാണ് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം കണ്ടെത്തിയത്. മാലിന്യം ശേഖരിക്കുന്നതിനിടെ വള്ളത്തിന്‍റെ ഫാന്‍റെ ലീഫ് പൊട്ടിപ്പോയി അടിഭാഗത്തിന് കേടുപാട് സംഭവിച്ചു. അതിനാല്‍ മുഴുവന്‍ മാലിന്യവും തങ്ങള്‍ക്ക് കരയ്ക്കെത്തിക്കാന്‍ സാധിച്ചില്ലെന്നും മത്സ്യത്തൊളിലാളികള്‍ പറയുന്നു. കൊവിഡിന്‍റെ അടച്ചിടലും മഴയും മറ്റും കാരണം ഏറെ നാളായി പണിയില്ലാതിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴാണ് വീണ്ടും കടല്‍പ്പണിക്ക് പോയി തുടങ്ങിയത്. എന്നാല്‍, മത്സ്യത്തിന് പകരം മാലിന്യം കരയ്ക്കെത്തിക്കാനാണ് ഇപ്പോള്‍ വള്ളങ്ങള്‍ ഉപയോഗപ്പെടുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Leave a Reply