ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാണ് ഇരുവരും

0

ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാണ് ഇരുവരും. ഇരുവരും സ്വന്തം നാടുവിട്ടുപോയി പഠിച്ചവർ, പാട്ടുകൊണ്ട് കാമ്പസിന്റെ മനം കവർന്നവർ, മോഹങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായവർ.

വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നെങ്കിൽ മൂന്നുവർഷങ്ങൾക്കിപ്പുറം കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എൻജിനിയറിങ് കോളേജ് കാമ്പസിലാണ്. എസ്.ഡി.പി.ഐ.ക്കാരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചുതകർത്ത് പുറത്തുവന്നു. ധീരജിന് കുത്തേറ്റത് നെഞ്ചിൽത്തന്നെ.

കംപ്യൂട്ടർ സയൻസിൽ ഏറെ താത്പര്യമുണ്ടായിരുന്ന ധീരജ് അലോട്മെന്റ് വഴിയാണ് ഇടുക്കി എൻജിനീയറിങ് കോളേജിലെത്തിയത്. സ്വന്തം നാട്ടുകാർ ഏറെയുണ്ടായിരുന്ന കോളേജ് ധീരജിന് പെട്ടെന്ന് പ്രിയപ്പെട്ടതായി മാറി. നല്ല ജോലിയും സ്വപ്നം കണ്ടു. മഹാരാജാസിന്റെ അഭിമന്യുവിനെപ്പോലെ നാടൻപാട്ടുകൾ പാടിയായിരുന്നു അവൻ എല്ലാവരുടെയും മനം കവർന്നത്. പഠനത്തിലും മിടുക്കനായിരുന്നു.

കാമ്പസ് സംഘർഷത്തിലല്ലെങ്കിലും ഇടുക്കിയിൽ കൊല്ലപ്പെട്ട മറ്റൊരു വിദ്യാർഥി നേതാവായിരുന്നു നെടുങ്കണ്ടത്തെ അനീഷ് രാജൻ. 2012-ലായിരുന്നു എസ്റ്റേറ്റിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജൻ കൊല്ലപ്പെട്ടത്.

Leave a Reply