Thursday, September 23, 2021

പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിലെ സാമ്പത്തിക ക്രമക്കേട്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസിനെതിരെ അച്ചടക്ക നടപടിയുമായി പാർട്ടി നേതൃത്വം

Must Read

 പെരുമ്പാവൂർ: പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിലെ സാമ്പത്തീക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസിനെതിരെ അച്ചടക്ക നടപടി. അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഷിജോ വർഗീസിനെ സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻ്റ് ടി.ജെ വിനോദ് അറിയിച്ചു. നേരത്തേ കാരണം കാണിക്കാൻ നോട്ടീസ് നൽകി എങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. 

അതേ സമയം പരാതിയുമായി കൂടുതൽ വിശ്വാസികൾ രംഗത്ത് എത്തിയിട്ടുണ്ട്. ദേവാലയത്തിനായി സ്ഥലം വിട്ടുകൊടുത്ത നടാംകുഴി കുടുംബാഗമായ സാജുവാണ് ഇക്കുറി പരാതിയുമായി രംഗത്തെത്തിയത്. പുല്ലുവഴി പള്ളി വികാരിയടക്കം മൂന്നു പേരെ പ്രതിചേർത്താണ് സാജു പെരുമ്പാവൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.

ഈ പരാതി പ്രകാരം ഫാ. തോമസ് പെരിയപ്പുറമാണ് ഒന്നാം പ്രതി. നങ്ങേലിമാലി പീറ്റർ, കാവനമാലി ജെയ്സൺ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. നേരത്തേ പള്ളിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസിൻ്റെ കൂട്ടുപ്രതികളാണ് ഇവരെന്ന് പരാതിയിൽ ആരോപിക്കുന്നു.
 ബാങ്ക് വഴി നടക്കുന്ന ഇടപാടുകളിൽ കൈക്കാരനൊപ്പം പള്ളി വികാരി കൂടി ഒപ്പിട്ടാൽ മാത്രമെ പണം പിൻവലിക്കാൻ സാധിക്കൂ എന്ന് പരാതിയിൽ പറയുന്നു. മറ്റു രണ്ടു പേരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും പരാതിയിൽ പറയുന്നു. പള്ളിയിലെ സാമ്പത്തീക ക്രമക്കേടുകൾക്ക് പുറമേ കെട്ടിട നിർമാണത്തിലും അഴിമതിയുണ്ടെന്നാണ് സാജു നൽകിയ പരാതിയിലെ പുതിയ ആരോപണം.
എന്നാൽ ഇതെല്ലാം കെട്ടി ചമച്ച ആരോപണങ്ങളാണെന്നാണ് പളളി കമ്മിറ്റിയുടെ ആക്ഷേപം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസിനെ രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ പരാതി വ്യക്തി വൈരാഗ്യം തീർക്കാൻ നൽകിയതാണെന്ന് കാവനമാലിൽ ജെയ്സൺ മീഡിയ മലയാളത്തോട് പ്രതികരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചപ്പോൾ ഉണ്ടായ തർക്കമാണ് പരാതിക്ക് പിന്നിലെന്നും ജെയ്സൺ പറഞ്ഞു. പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിൽ നിന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ് തിരിമറിയിലൂടെ രണ്ടു കോടി രൂപ തട്ടിയെന്ന ആരോപണത്തിൽ വിശദീകരണ നോട്ടീസുമായി പള്ളി കമ്മിറ്റി രംഗത്തെത്തിയിരുന്നു. കണക്കുകൾ പ്രകാരം 76,49,421 രൂപയാണ് ഷിജോ വർഗീസ് തിരിമറി നടത്തിയതെന്ന് നോട്ടീസിൽ പറയുന്നു. പള്ളി വാടകക്ക് നൽകിയ കെട്ടിടത്തിലെ സാധനങ്ങൾ ജപ്തി ചെയ്ത വകയിൽ 27 ലക്ഷം രൂപ വകയിരുത്തിയെന്നും പറയുന്നു.ബാക്കി 47,37,371 രൂപയാണ് പള്ളിക്ക് ലഭിക്കാനുള്ളതെന്നാണ് വിശദീകരണം. എന്നാൽ കാണിക്കവഞ്ചിയുടെ കണക്കുകൾ കൃത്യമായി കണക്കാക്കാൻ ആകില്ലെന്നും അതിലും തിരിമറി നടന്നിട്ടുണ്ടെന്നും വിശ്വാസികൾ പറയുന്നു. ഇത് പ്രകാരം കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് വിശ്വാസികളുടെ വാദം.
ഈ കണക്കുകൾ പ്രകാരം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഷിജോയുടെ ബന്ധുക്കൾ സമ്മതിച്ചിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.
 പള്ളിയുടെ കണക്കുകൾ പ്രകാരം തട്ടിപ്പ് നടത്തിയതിൻ്റെ വിശദ വിവരങ്ങൾ ഇങ്ങനെ:
 9-7-2019 ൽ കൈക്കാരനായി ചുമതലയേറ്റപ്പോൾ ഏൽപ്പിച്ച തുക 3,35,965 രൂപ
വാടക പിരിച്ചതിൽ കുറവായി എഴുതിയത് 12,03,127 രൂപ
ബാങ്കിൽ നിന്നും ചെക്ക് പ്രകാരം പിൻവലിച്ച തുക കണക്കിൽ ചേർക്കാത്തത് 12,97,800 രൂപ
നാൾവഴി ഓരോ ദിവസവും കൂട്ടി എഴുതിയതിൽ വന്ന വ്യത്യാസം 11,49,084 രൂപ
രസീത് പ്രകാരം വാങ്ങിയ തുക കണക്കിൽ വരവു വെക്കാത്തത് 7, 37,526 രൂപ
യഥാർഥ ചെലവിന് പകരം കൂടുതൽ എഴുതി എടുത്തിട്ടുള്ളത് 21,06,778 രൂപ
പള്ളിയിലെ സ്റ്റാളിൽ നിന്നുള്ള വിറ്റുവരവ് 2,66,544 രൂപ
രണ്ടു മാസത്തെ വാടക 71980 രൂപ
ഇലക്ട്രിസിറ്റി ബിൽ 1,80,817 രൂപ
മുറിയുടെ വിസ്തീർണം കുറച്ച് കാണിച്ചത് 71,800 രൂപ
കണക്ക് നൽകാത്തതിനാൽ മുൻ വർഷത്തേ ശരാശരി കണക്കു പ്രകാരം 2,08,000
അതിരൂപത ഭദ്രാസന ഫീസ് അടക്കാൻ തുക തികയാത്തതിനാൽ പള്ളിയിൽ നിന്നും വാങ്ങിയത് 20000 രൂപ
406,420,425,465 ഐ.പി സി പ്രകാരം കുറുപ്പംപടി പോലീസ് കേസെടുത്ത് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തു. നേരത്തേ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം മുതൽ അഖിലേന്ത്യ നേതൃത്വം വരെയുള്ള നേതാക്കൾക്ക് പള്ളി കമ്മിറ്റി പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്.
ലോക് ഡൗണിൻ്റെ മറവിലായിരുന്നു കോടികളുടെ തിരിമറി. മുൻ കപ്യാരും കൈക്കാരനുമായ ഷിജോ വർഗീസ് ദൈനംദിന കണക്കുകളിലടക്കം തിരിമറി നടത്തിയതായാണ് പ്രാഥമീക വിവരം. ലോക് ഡൗണിൽ കമ്മിറ്റി കൂട്ടതായതോടെ തട്ടിപ്പിൻ്റെ വ്യാപ്തി കൂട്ടുകയായിരുന്നു. ഇക്കാലയളവിൽ മാത്രം 74 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ലോക് ഡൗണായതിനാൽ പള്ളിയിൽ കമ്മിറ്റി കൂടിയാൽ പോലീസ് കേസെടുക്കുമെന്ന് പറഞ്ഞ് മറ്റ് അംഗങ്ങളെ പിന്തിരിപ്പിക്കുന്നത് പതിവാക്കി. ഒടുവിൽ സംശയം തോന്നി കണക്ക് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തിരിമറിയുടെ കാര്യം ചോദിച്ചപ്പോൾ “നിങ്ങൾ കേസ് കൊടുക്കു” എന്ന് ധാർഷ്ഠ്യത്തോടെ മറുപടിയും നൽകി. ഇതോടെ പള്ളിയുടെ കെട്ടിടത്തിൽ നടത്തിയിരുന്ന ഷിജോയുടെ ബേക്കറി പൂട്ടി സാധനങ്ങൾ ജപ്തി ചെയ്തു.
സംഭാവന ഇനത്തിൽ നൽകുന്ന തുകയിലും വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിശ്വാസികൾ ആരോപിക്കുന്നു. 5000 രൂപ സംഭാവന നൽകിയതിന് രസീതിൽ കാണിച്ചത് 500 രൂപയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇത് സംബന്ധിച്ച കണക്കുകൾ പള്ളി പരിശോധിച്ച് വരികയാണ്.
പുല്ലുവഴി സെൻ്റ് തോമസ് ദേവാലയത്തിലെ കപ്യാരായിരുന്ന വർഗീസിൻ്റെ മകനാണ് ഷിജോ. ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. പിന്നീട് പള്ളിയുടെ സംരക്ഷണയിലായിരുന്നു ഷിജോയുടെ ജീവിതം. വർഗീസിൻ്റെ ബാധ്യതകൾ പോലും തീർത്തത് പള്ളി ആയിരുന്നു. പിന്നീട് “പ്രാപ്തി “യായതോടെ പള്ളിയിലെ കപ്യാരായി നിയമിച്ചു. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. കെ.എസ്.യുവിലൂടെയായിരുന്നു രംഗപ്രവേശം. ശ്രീ ശങ്കരാ വിദ്യാപീഠം കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ഇടി മേടിച്ചതോടെ നോതാവായി.
പിന്നീട് യൂത്ത് കോൺഗ്രസിലേക്ക്. കുതികാൽ വെട്ടിലൂടെയും തിരിമറികളിലൂടേയും നേതൃത്വത്തിലെത്തി.എറണാകുളം ജില്ലയിലെ എം.പിയുടെ വിശ്വസ്ഥനായി. ഗോഡ്ഫാദറായി മുതിർന്ന നേതാവിനെ കിട്ടിയതോടെ റോക്കറ്റ് വേഗത്തിലായി ഷിജോയുടെ വളർച്ച. പിന്നീട് ബിസിനസിലേക്ക് ഇറങ്ങി. 5 ലക്ഷം മുടക്കി വളയൻചിറങ്ങരയിൽ ജൗളിക്കടയിൽ പങ്കാളിയായി. അധികം വൈകാതെ വലിയൊരു തുക വാങ്ങി ഷെയർ പിരിഞ്ഞു. പിന്നീട് ബേക്കറി ബിസിസിലേക്ക് ചുവടു മാറി. പുല്ലുവഴി കുറുപ്പംപടി പെരുമ്പാവൂർ എന്നിവിടങ്ങളിൽ ബേക്കറികൾ നടത്തി.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News