Thursday, July 29, 2021

സാമ്പത്തിക പ്രതിസന്ധി, ആത്മഹത്യ;
ബുദ്ധിമുട്ടനുഭവിക്കുന്ന പോലീസുകാരുടെ വിവരങ്ങൾ ശേഖരിക്കുന്നു: കരുതൽ വേണംകാക്കിക്കും

Must Read

കൊച്ചി: മൂന്നു ദിവസത്തിനിടെ എറണാകുളം റൂറൽ പോലീസിന്റെ ഭാഗമായിരുന്ന രണ്ട് പോലീസുകാരാണ്‌ ജീവനൊടുക്കിയത്, ഒരു ഗ്രേഡ് എസ്.ഐ.യും ഒരു സീനിയർ സി.പി.ഒ.യും. ഇരുവരും സാമ്പത്തിക പ്രതിസന്ധി മൂലമാണ്‌ ജീവനൊടുക്കിയതെന്ന പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും പോലീസിന്റെ ജോലിഭാരവും ആത്മഹത്യക്ക്‌ കാരണമാകുന്നുവെന്ന്‌ ജീവനക്കാർ പറയുന്നു.

പോലീസ് സംഘടനയുടെ സംസ്ഥാന ഭാരവാഹിയും സഹപ്രവർത്തകർക്കിടയിലെ പൊതു സ്വീകാര്യനുമായ ഉദ്യോഗസ്ഥനാണ്‌ ജീവനൊടുക്കിയതിൽ ഒരാൾ. മറ്റു ജീവനക്കാർക്ക് താങ്ങാവേണ്ട സംഘടനാ പ്രതിനിധിതന്നെ ജീവിതം അവസാനിപ്പിക്കുമ്പോൾ, ബാക്കിയുള്ളവരുടെ അവസ്ഥ എന്താകുമെന്ന ചോദ്യമാണ്‌ മറ്റു പോലീസുകാർ ഉന്നയിക്കുന്നത്. കളമശ്ശേരി എ.ആർ. ക്യാമ്പിലെ ഗ്രേഡ് എസ്.ഐ പി.കെ. അയ്യപ്പൻ(52) വെള്ളിയാഴ്ചയാണു മരിച്ചത്. കളമശ്ശേരിയിലെ എ.ആർ. ക്യാമ്പ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

ചോറ്റാനിക്കര സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രദേവനാ(47)ണു ജീവനൊടുക്കിയ മറ്റൊരാൾ. ഞായറാഴ്ച രാവിലെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

ജോലിഭാരം

കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ പോലീസ് സേനയ്ക്കു കനത്ത ജോലിഭാരമാണ്. റൂറലിൽ പല സ്റ്റേഷനുകളിലും ജീവനക്കാരുടെ ക്ഷാമമുണ്ട്. പ്രധാന സ്റ്റേഷനുകൾ ഒഴികെയുള്ളിടങ്ങളിൽ ശരാശരി 35 ഉദ്യോഗസ്ഥർ വീതമുണ്ട്. ജോലിഭാരത്തിനൊപ്പം സാമ്പത്തിക-കുടുംബ പ്രശ്നങ്ങൾ കൂടിയാകുന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ് പോലീസുകാർ.

നിലവിലെ സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന്‌ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം എത്തിയിട്ടുണ്ട്. ഓരോ സ്റ്റേഷനിൽനിന്നും മാനസിക സമ്മർദമുള്ളവർ, സാമ്പത്തിക പ്രശ്നമുള്ളവർ, കുടുംബ പ്രശ്നങ്ങളുള്ളവർ, മദ്യപാന ശീലമുള്ളവർ എന്നിങ്ങനെയുള്ള പോലീസുകാരുടെ വിവരമെടുക്കാനാണ് എസ്.എച്ച്‌.ഒ.മാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.

യോഗയിലൊതുങ്ങും

വിവരശേഖരണം ഒടുവിൽ ‘യോഗ’യിൽ അവസാനിക്കുമെന്നാണ് പോലീസുകാർ പറയുന്നത്. 2019 ഓഗസ്റ്റിൽ രണ്ട് പോലീസുദ്യോഗസ്ഥർ എറണാകുളം റൂറലിൽ തൂങ്ങിമരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സംസ്ഥാനമൊട്ടാകെ പോലീസ് സ്റ്റേഷനുകളിൽ യോഗ നടത്താൻ നിർദേശം നൽകി. എന്നാൽ, ഇത് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കൂട്ടാൻ മാത്രമേ വഴിവെച്ചുള്ളു. സാധാരണ ഒമ്പതു മണിക്ക് ഡ്യൂട്ടിക്ക് വരേണ്ട പോലീസുകാർ യോഗ ചെയ്യാനായി രാവിലെ ആറ്‌-ഏഴ് മണിക്ക് സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു. ഇതോടെ ജീവിതവും താളംതെറ്റി. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയം കുറഞ്ഞു. ഇതോടെ ഇവർ കടുത്ത മാനസിക ബുദ്ധിമുട്ടിലായി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പുയർന്നതോടെയാണ് യോഗ നിർദേശം പിൻവലിച്ചത്

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News