അഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കടുത്ത പോരാട്ടം ഉറപ്പായി

0

യാവുണ്ടെ (കാമറൂണ്‍): അഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കടുത്ത പോരാട്ടം ഉറപ്പായി.
ബുധനാഴ്‌ച് ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന ഒന്നാം സെമിയില്‍ ബുര്‍കിന ഫാസോ സെനഗലിനെയും പിറ്റേന്നു 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ ഈജിപ്‌തിനെയും നേരിടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഈജിപ്‌ത് മൊറോക്കോയെയും (2-1) സെനഗല്‍ ഇക്വറ്റോറിയല്‍ ഗിനിയയെയും (3-1) തോല്‍പ്പിച്ചു. അഹ്‌മദു അഹിദ്‌ജോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം മുഹമ്മദ്‌ സല ഈജിപ്‌തിന്റെ വിജയ ശില്‍പ്പിയായി. സലയും മഹമൂദ്‌ ട്രസ്‌ഗറ്റുമാണ്‌ ഈജിപ്‌തിനു വേണ്ടി ഗോളടിച്ചത്‌. 100-ാം മിനിറ്റിലെ (അധിക സമയം) ട്രസ്‌ഗറ്റിന്റെ ഗോള്‍ ഈജിപ്‌തിന്റെ സെമിയിലേക്കുള്ള ടിക്കറ്റ്‌ ഉറപ്പാക്കി.
കളിയുടെ ഏഴാം മിനിറ്റില്‍ സോഫിയാനെ ബൗഫാളിന്റെ പെനാല്‍റ്റിയില്‍ മൊറോക്കോ മുന്നിലെത്തിയിരുന്നു. ഈജിപ്‌ത് ബോക്‌സില്‍ അയ്‌മാന്‍ അഷ്‌റാഫ്‌ അചാറാഫ്‌ ഹാകിമിയെ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ച്‌ ഉറപ്പാക്കിയാണു റഫറി പെനാല്‍റ്റി വിധിച്ചത്‌. സോഫിയാനെ ബൗഫാളിന്റെ സ്‌പോട്ട്‌ കിക്ക്‌ ഈജിപ്‌ത് ഗോള്‍ കീപ്പര്‍ മുഹമ്മദ്‌ അദ്‌ബു ഗാബാലിനെ അനായാസം മറികടന്നു.
4-3-3 ഫോര്‍മേഷനില്‍ കളിച്ച ഈജിപ്‌തിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ മൊറോക്കോ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. അതിനിടെ മുനീര്‍ എല്‍ ഹദാദി ഒരുവട്ടം പന്ത്‌ വലയിലാക്കിയെങ്കിലും ഓഫ്‌ സൈഡായി. അഞ്ച്‌ മിനിറ്റുകള്‍ക്കു ശേഷമാണു മൊറോക്കോ ലീഡ്‌ നേടുന്നത്‌. 11-ാം മിനിറ്റിലും ഹദാദി മൊറോക്കോയെുടെ ലീഡ്‌ ഇരട്ടിയാക്കേണ്ടതായിരുന്നു. താരത്തിന്റെ ഇടംകാലനടി ഗോള്‍ കീപ്പര്‍ തടുത്തു. 16-ാം മിനിറ്റിലാണ്‌ ഈജിപ്‌തിന്റെ ആദ്യ മുന്നേറ്റം കണ്ടത്‌. മുഹമ്മദ്‌ സല നേടിക്കൊടുത്ത ഫ്രീകിക്ക്‌ ഒമാര്‍ മര്‍മുസ ഗോളിലേക്കു തൊടുത്തെങ്കിലും ഗോള്‍ കീപ്പര്‍ യാസിനെ ബൗനുവിനെ മറികടക്കാനായില്ല. ഈജിപ്‌ത് കോച്ച്‌ കാര്‍ലോസ്‌ ക്വീറോസ്‌ രണ്ടാം പകുതിയില്‍ ട്രസ്‌ഗറ്റിനെ പകരക്കാരനായി ഇറക്കിയതോടെ കളി മാറി. പരുക്കേറ്റ ഹെഗാസിക്കു പകരമാണു ട്രസ്‌ഗറ്റ്‌ കളത്തിലെത്തിയത്‌. വന്ന വരവില്‍ തന്നെ ഗോളിലേക്കു ഷോട്ട്‌ പായിച്ചെങ്കിലും പുറത്തേക്കു പോയി. 53-ാം മിനിറ്റില്‍ സലായിലൂടെ ഈജിപ്‌ത് സമനില പിടിച്ചു. എല്‍ ഫാതുവിന്റെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി മടങ്ങിയതിനു പിന്നാലെയായിരുന്നു സലയുടെ ഗോള്‍. മാര്‍മൂസയുടെ ഹെഡര്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട്‌ സലയുടെ കാലുകള്‍ക്കു പാകത്തിനായിരുന്നു. ലിവര്‍പൂള്‍ താരത്തിന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ വലയിലെത്തി. കളി അവസാന മിനിറ്റുകളിലെത്തിയതോടെ പരുക്കനായി. റഫറിക്കു പലവട്ടം മഞ്ഞക്കാര്‍ഡ്‌ പുറത്തെടുക്കേണ്ടി വന്നു. മുഴുവന്‍ സമയത്ത്‌ സമനില തുടര്‍ന്നതിനെ തുടര്‍ന്നു റഫറി മത്സരം അധിക സമയത്തേക്കു നീട്ടി. പിന്നാലെ ഈജിപ്‌തിനു ഗാബാസ്‌കിക്കു പരുക്കേറ്റതിനെ തുടര്‍ന്നു മുഹമ്മദ്‌ സോഭിയെ ഇറക്കേണ്ടി വന്നു. സല എത്തിച്ചു നല്‍കിയ പന്ത്‌ വലയിലാക്കിയാണു ട്രസ്‌ഗറ്റ്‌ ഈജിപ്‌തിനു ജയം സമ്മാനിച്ചത്‌്. അഹമ്മദു അഹിദ്‌ജോ ഒമിനി സ്‌പോര്‍ട്ട്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെനഗലിനു വേണ്ടി ഫമാര ദിദിയോ, കുയാറ്റെ, ഇസ്‌മായില്‍ സാര്‍ എന്നിവര്‍ ഗോളടിച്ചു. ഇക്വറ്റോറിയല്‍ ഗിനിയയ്‌ക്കു വേണ്ടി ബൈല സാം ഒരു ഗോള്‍ മടക്കി. ഒന്നാം പകുതിയുടെ തുടക്കത്തില്‍ സാദിയോ മാനെയുടെ പാസില്‍നിന്നു ദിദിയോ ആദ്യ ഗോളടിച്ചു. 57-ാം മിനിറ്റില്‍ ഗിനിയ സമനില പിടിച്ചു. അധികം വൈകാതെ തന്നെ കുയാറ്റെയുടെ ഗോളില്‍ സെനഗല്‍ ലീഡ്‌ നേടി. 79-ാം മിനിറ്റില്‍ ഇസ്‌മായില സാറിലൂടെ സെനഗല്‍ മൂന്നാം ഗോളിലേക്കും സെമി ഫൈനലും ഉറപ്പാക്കി.

Leave a Reply