ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് ചെന്നൈ സി.ബി.ഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും

0

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. ഫാത്തിമയുടെ പിതാവ് അബ്‌ദുൾ ലത്തീഫ് ചെന്നൈ സി.ബി.ഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും.

വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മദ്രാസ് ഐ.ഐ.ടിയിൽ ഉപരിപഠനത്തിന് പോയ ഫാത്തിമ ലത്തീഫിന്‍റെ മരണം നടന്നിട്ട് രണ്ട്‌ വർഷവും ഒരു മാസവും പിന്നിട്ടു. മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്‍റെ ഒരു വിവരവും അറിയില്ല എന്ന് കുടുംബം. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ പിതാവ് അബ്‌ദുൾ ലത്തീഫിനോട് ഇന്ന് ചെന്നൈയിൽ എത്തി മൊഴി നൽകാൻ സി.ബി.ഐ നോട്ടീസ് നൽകി. നീതിക്കായി ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി അബ്‌ദുൾ ലത്തീഫ്‌ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിരുന്നു. എല്ലാ പിന്തുണയും മുഖ്യമന്ത്രി അന്ന് വാഗ്ദാനം ചെയ്തിരുന്നു.

2019 നവംബര്‍ 9നാണു ഫാത്തിമ ലത്തീഫിനെ ഐ.ഐ.ടിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവുമാണു മരണത്തിലേക്കു നയിച്ചതെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മരണം വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചതോടെയാണ് അന്വേഷണം തമിഴ്നാട് സര്‍ക്കാര്‍ സി.ബി.ഐയ്ക്കു കൈമാറിയത്. ഒന്‍പതുമാസം മുന്‍പ് സി. ബി. ഐ. സംഘം കൊല്ലത്തെ വീട്ടിലെത്തി ഫാത്തിമയുടെ മാതാപിതാക്കളില്‍ നിന്നും സഹോദരിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. പിന്നീട് അന്വേഷണം മന്ദഗതിയിലായി. കാര്യമായ പുരോഗതയുണ്ടാവാത്തതിനെ തുടര്‍ന്ന് കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയടക്കമുള്ളവരെ കാണാനിരിക്കെയാണു സി. ബി. ഐയുടെ ഇപ്പോഴത്തെ നീക്കം.

ഇന്ന് രാവിലെ ചെന്നൈയിലെ സി. ബി. ഐ. ഓഫീസിലെത്താനാണു നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വിശദീകരണം തേടുന്നതിനാണു പിതാവിനെ വിളിപ്പിച്ചിരിക്കുന്നത്. അതേ സമയം അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സി. ബി. ഐ. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വൈകാതെ കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മതപരമായ വിവേചനം മരണത്തിലേക്കു നയിച്ചോയെന്ന പരിശോധനയാണു പ്രധാനമായിട്ടും ഇപ്പോള്‍ നടക്കുന്നത്.

കേസ് അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞായിരുന്നു സിബിഐ സംഘം ഫാത്തിമ ലത്തീഫിൻ്റെ മൊഴിയെടുക്കാൻ കൊല്ലത്തെ വീട്ടിൽ എത്തിയത്. മാതാപിതാക്കളുെ മൊഴിരേഖപ്പെടുത്തിയശേഷം അവർ മടങ്ങി. ഫോൺ രേഖകൾ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കിട്ടാന്‍ വൈകുമെന്നാണ് ഉദ്യോഗസ്ഥര്‍ ഫാത്തിമയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.

ഫത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. തമിഴ്നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നൽകിയിരുന്നു.

ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി അഭ്യന്തര സമിതി റിപ്പോര്‍ട്ട് നൽകിയത്. മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം ആത്മഹത്യക്ക് കാരണമായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഐഐടി ഈ റിപ്പോര്‍ട്ട് നല്‍കി. അധ്യാപകരെ കുറ്റവിമുക്തരാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നത്.

പഠിക്കാന്‍ സമര്‍ഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ കാര്യമായി മാര്‍ക്ക് കുറഞ്ഞു.ഇതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മതപരമായ വേര്‍തിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ കൂടി നിഷേധിച്ചാണ് ഐഐടി ഡയറ്കടര്‍ ഭാസ്കര്‍ രാമമൂര്‍ത്തിയുടെ റിപ്പോര്‍ട്ട്. ഐഐടിയില്‍ നേരത്തെ സംഭവിച്ച ആത്മഹത്യകളും വ്യക്തിപരമായ മനോവിഷമം കാരണമെന്നാണ് ആറിപ്പോർട്ടിലെ വിശദീകരണം.

ഐഐടിയിലെ അധ്യാപകൻ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന മൊബൈലിലെ ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് സംഘം സ്ഥരീകരിച്ചിരുന്നു. രോഹിത്ത് വെമുലയുടേതും മനോവിഷമം കാരണമുള്ള ആത്മഹത്യയെന്നായിരുന്നു അന്ന് ഹൈദരാബാദ് സര്‍വ്വകലാശാല റിപ്പോര്‍ട്ട്.

Leave a Reply