Saturday, May 15, 2021

വിദ്യാർത്ഥികൾക്ക് പരീക്ഷണമായി മാറിയ പരീക്ഷാ കാലത്തിന് വിട

Must Read

എസ്.എസ്.എൽ.സി പരീക്ഷ ഇന്നവസാനിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷണമായി മാറിയ പരീക്ഷാ കാലത്തിന് വിട. കൊവിഡ് രണ്ടാം തരംഗം ഉയ‌ർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്, 12 ക്ലാസുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തിയത്.നിരവധി നിയന്ത്രണങ്ങൾക്ക് നടുവിൽ,പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുമ്പോഴാണ് പരീക്ഷയുമായി മുന്നോട്ടുപോകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. ഏപ്രിൽ എട്ടിന് പരീക്ഷ തുടങ്ങിയ ശേഷവും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ ശേഷിക്കുന്ന പരീക്ഷകൾ മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ രോഗബാധിതരാകുമോയെന്ന ആശങ്കയും അവസാനം വരെ നിലനിന്നു.
സംസ്ഥാനത്തൊട്ടാകെ മുന്നൂറിലധികം വിദ്യാർത്ഥികളാണ് കൊവിഡ് പൊസിറ്റീവായി പരീക്ഷയ്ക്കെത്തിയത്. പ്രത്യേക ഹാളിലായിരുന്നു ഇവർക്ക് പരീക്ഷ . മാർച്ചിൽ തന്നെ പരീക്ഷ നടത്തിയിരുന്നെങ്കിൽ ഇത്രയും രോഗബാധിതർ പരീക്ഷയ്ക്കെത്തേണ്ടി വരില്ലായിരുന്നെന്ന ആരോപണവും ഉയർന്നു. ആദ്യം മാർച്ച് 17 നാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭ്യർത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.

അദ്ധ്യയന വർഷത്തിന്റെ ഏറിയ പങ്കും ഓൺലൈനായി പഠിച്ചതിന്റെ ആശങ്കയും,. കൊവിഡ് ബാധിതരാകുമോയെന്ന പേടിയുമായിരുന്നു രക്ഷിതാക്കൾക്കും കുട്ടികൾക്കും. അദ്ധ്യാപകരുടെ സുരക്ഷയെപ്പറ്റിയും ആശങ്കയുയ‌ർന്നു. മേയ് 14നാണ് എസ്.എസ്.എൽ.സി മൂല്യനി‌ർണയം നടക്കേണ്ടതെങ്കിലും അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പ്ലസ് ടു പരീക്ഷ 26 ന് പൂർത്തിയായിരുന്നു. 8,68,697 വിദ്യാർത്ഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി ഇത്തവണ പരീക്ഷയെഴുതിയത്

കൂളാക്കി ബയോളജി

വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നേടാനാവുന്ന ചോദ്യങ്ങളാണ് എസ്.എസ്.എൽ.സി ബയോളജി പരീക്ഷയ്ക്ക് ചോദിച്ചത്. മോഡൽ പരീക്ഷയുടെ അതേ ചോദ്യരീതി . 19 മാർക്കിന്റെ ,ഏഴ് ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു. . ഫോക്കസ് ഏരിയയിൽ നിന്നുള്ളതാണ് ബഹുഭൂരിപക്ഷം ചോദ്യങ്ങളും. വരച്ച് അടയാളപ്പെടുത്താൻ ചോദിച്ചത് കണ്ണിന്റെ ചിത്രമാണ്. ഇത് വിദ്യാർത്ഥികൾ പ്രതീക്ഷിച്ചിരുന്നതാണ്. ജീവൻ പിന്നിട്ട പാതകൾ എന്ന പാഠത്തിൽ നിന്നുള്ള 16-ാമത്തെ ചോദ്യത്തിന് രണ്ട് ഉത്തരമുണ്ട്. ഇതിൽ ഏതെഴുതിയാലും മാർക്ക് ലഭിക്കും. 18, 25 എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ബോക്സിൽ തന്നെയുണ്ട്. ഇത് എടുത്തെഴുതിയാൽ മാർക്ക് ലഭിക്കും. കൊവിഡ് വാക്സിൻ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വാക്സിനുകളെപ്പറ്റി എഴുതാനായിരുന്നു മൂന്ന് മാർക്കിന്റെ ചോദ്യം. ഒരു ചോദ്യം തെറ്റ് 34-ാമത്തെ ചോദ്യത്തിൽ തെറ്റ് സംഭവിച്ചത് കല്ലുകടിയായി. ചിത്രീകരണം നിരീക്ഷിച്ച് ഉത്തരമെഴുതാനാണ് ചോദ്യം. ഹോർമോണുകളെപ്പറ്റിയുള്ള ചോദ്യമാണിത്. എ, ബി, സി എന്നിങ്ങനെ മൂന്ന് ഉപ ചോദ്യങ്ങളുമുണ്ട്. വിട്ടുപോയ ഭാഗം പൂരിപ്പിക്കാനാണ് ആദ്യ ചോദ്യം. എ വിഭാഗം ചോദ്യം തെറ്റിപ്പോയതിനാൽ ബി, സി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്കായില്ല. മൂല്യനിർണയത്തിൽ ഈ ചോദ്യം പ്രത്യേകമായി പരിഗണിക്കണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെടുന്നു.’ശരാശരിക്കാർക്കും എ പ്ലസ് നേടാവുന്നതാണ് ചോദ്യങ്ങൾ. ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ഉയർന്ന മാർക്ക് നേടാനാകും’. – നിസാർ അഹമ്മദ്. എം ബയോളജി അദ്ധ്യാപകൻ, ഗവ.എച്ച്.എസ്.എസ് വെഞ്ഞാറമ്മൂട്

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News