സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗികാതിക്രമം;പ്രശസ്ത ടാറ്റൂ കലാകാരൻ ഒളിവിൽ

0

യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം നേരിടുന്ന നഗരത്തിലെ പ്രശസ്ത ടാറ്റൂ കലാകാരൻ ഒളിവിലെന്നു പൊലീസ്. സമൂഹമാധ്യമ ആരോപണങ്ങളല്ലാതെ നേരിട്ടുള്ള പരാതി പൊലീസിനു ലഭിച്ചിട്ടില്ല. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവച്ചു.

സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങൾ പങ്കുവച്ചെങ്കിലും പരാതി നൽകിയിരുന്നില്ല. എങ്കിലും ഇത്തരത്തിൽ ചൂഷണത്തിനിരയായ ഏറെപ്പേരുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

ലൈംഗിക പീഡന പരാതികളിൽ പൊലീസിനു നേരിട്ടു പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവു പിൻപറ്റിയാണു പൊലീസ് നടപടി. ആരോപണമുയർന്ന ടാറ്റൂ കലാകാരനെ തേടി ഇയാളുടെ ചിറ്റൂരിലും വെണ്ണലയിലുമുള്ള വീടുകളിൽ കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥരെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ടാറ്റൂ കലാകാരൻമാർക്കിടയിലുള്ള ചേരിപ്പോരാണു ആരോപണത്തിനു പിന്നിലെന്നാണു പ്രതിയുടെ ബന്ധുക്കളുടെ വാദം.

വൈറ്റിലയ്ക്കടുത്തു മേക്കപ് സ്റ്റുഡിയോ നടത്തുന്നയാൾക്കെതിരെയും ഇന്നലെ സമൂഹമാധ്യമത്തിലൂടെ മീ ടൂ പരാതി ഉയർന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പെൺകുട്ടിക്കു പിന്നാലെ ഒട്ടേറെ യുവതികൾ ദുരനുഭവം പങ്കുവച്ചെത്തി. അനാവശ്യമായി പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നും അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ആരോപണം. വിവാഹ ആവശ്യങ്ങൾക്കു മേക്കപ്പിടാൻ എത്തിയവർക്കു നേരെ ലൈംഗിക അതിക്രമമുണ്ടായെന്നും ചിലർ ആരോപിക്കുന്നു. നഗരത്തിലെ ടാറ്റൂ സ്റ്റുഡിയോകളിൽ സിറ്റി പൊലീസിന്റെ വിവരശേഖരണം പുരോഗമിക്കുകയാണ്.

Leave a Reply