പ്രശസ്ത മലയാളി പിന്നണി ഗായിക മഞ്ജരി വിവാഹിതയായി

0

പ്രശസ്ത മലയാളി പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിനെയാണ് മഞ്ജരി വരണമാല്യം ചാർത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ചടങ്ങിന് ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മസ്‌ക്കറ്റിൽ ആയിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസകൾ നേർന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാൽ’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിൻ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ഭാവം പകർന്നു.

2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ഒരിക്കൽ നീ പറഞ്ഞു’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി. അതേസമയം, ജനപ്രിയ ടെലിവിഷൻ ഷോ ആയ സ്റ്റാർ സിംഗർ സീസൺ 8ലെ വിധികർത്താവുമായിരുന്നു മഞ്ജരി.

LEAVE A REPLY

Please enter your comment!
Please enter your name here