Sunday, September 26, 2021

ജൂവലറി മോഷ്ടാക്കൾ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തിന് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി

Must Read

കൊച്ചി: ജൂവലറി മോഷ്ടാക്കൾ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തിന് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി.

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ. സിയാദ് റഹ്‌മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി ജൂവലറിയിൽ മോഷണം നടത്തിയെന്ന കേസിലെ പ്രതികളെ വെറുതേ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതി ഇത് വ്യക്തമാക്കിയത്.

തിരുവനന്തപുരം കല്ലറയിലെ ജസീന ജൂവലറിയിൽ 2011 മേയ് അഞ്ചിനാണ് സംഭവം. വാച്ച്മാൻ രവീന്ദ്രൻ നായരെ (61) കൊലപ്പെടുത്തി കിണറ്റിലുപേക്ഷിച്ച പ്രതികൾ, 2.15 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. പ്രതികളെ വിചാരണക്കോടതി 10 വർഷം തടവിന്‌ ശിക്ഷിച്ചിരുന്നു. എന്നാൽ, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി, ഒന്നാം പ്രതി കൊല്ലം കരവാളൂർ സ്വദേശി ദിലീഷ്‌കുമാർ, മൂന്നാംപ്രതി തമിഴ്നാട് സ്വദേശി കണ്ണൻ എന്ന കരുണാകരൻ, ആറാംപ്രതി കൊല്ലം നിലമേൽ സ്വദേശി നവാസ്, എട്ടാംപ്രതി പത്തനംതിട്ട കൂടൽ സ്വദേശി പ്രമിത്ത് എന്നിവരെ ഹൈക്കോടതി വെറുതേ വിട്ടു.

രവീന്ദ്രൻ നായർ കൊല്ലപ്പെട്ടത് തൊഴിലിനിടെയുള്ള അപകടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര നിയമം ഈ കേസിൽ ബാധകമാണ്. ഇതിൽ ആവശ്യമായ നടപടിയെടുക്കാൻ കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് കോടതി നിർദേശം നൽകി. ജൂവലറി ഉടമയുടെയും രവീന്ദ്രൻ നായരുടെ കുടുംബത്തിന്റെയും മേൽവിലാസം പാങ്ങോട് പോലീസ് ഒരു മാസത്തിനകം ട്രിബ്യൂണലിൽ നൽകണം. തുക ഒരു മാസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ ഒന്ന്, ആറ്്‌ പ്രതികൾക്കായി സീനിയർ അഭിഭാഷകൻ പി. വിജയഭാനു ഹാജരായി.

ജീവൻ പണയം​െവച്ച് ജോലി ചെയ്യുന്നവർ

ജീവൻ പണയം​െവച്ച് ജോലിചെയ്യുന്ന രാത്രികാവൽക്കാർ നാട്ടിലൊരുപാടുണ്ടെന്ന് ഹൈക്കോടതി. ഉടമസ്ഥർ പതുപതുത്ത മെത്തയിലുറങ്ങുമ്പോൾ, പുകയുന്ന കൊതുകുതിരിയുമായി രാത്രിമുഴുവൻ പണിയെടുക്കുന്നവരാണിവർ. വേണ്ടത്ര സൗകര്യങ്ങളോ വരുമാനമോ ഇവർക്ക് ലഭിക്കാറില്ല. എങ്കിലും ഏൽപ്പിച്ച സ്വത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ജീവൻ പണയം​െവച്ച് ഇവർ ജോലിചെയ്യും. സംഘടിതമായ കവർച്ചകളെ പ്രതിരോധിക്കാൻ ഇവർക്ക് കാര്യമായൊന്നും ചെയ്യാനാവില്ല. കൊല്ലപ്പെട്ട സാധുവായ സെക്യൂരിറ്റി ജീവനക്കാരനെ ഒാർക്കാതെ ഈ കേസിൽ വിധി പൂർത്തിയാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Latest News

തെരുവുനായ വട്ടംചാടി ഓട്ടോ മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 30.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തൃപ്പൂണിത്തുറ നഗരസഭ

തിരുവാങ്കുളം: തെരുവുനായ വട്ടംചാടി ഓട്ടോ മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 30.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തൃപ്പൂണിത്തുറ നഗരസഭ. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ...

More News