പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്ത വിദ്യാർത്ഥികൾക്ക് വ്യാജസർട്ടിഫിക്കറ്റ് ;
കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്; എംജിയിലെ കൈക്കൂലിക്കാരിക്ക് കുരുക്ക് മുറുകുന്നു

0

കോട്ടയം:കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി സർവകലാശാലയിലെ അസിസ്റ്റന്റ് സി.ജെ.എൽസി കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയിരുന്നെന്ന് വിജിലൻസ്. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്ത വിദ്യാർത്ഥികൾക്ക് വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകുന്നതിനായിരുന്നു പണം കൈപ്പറ്റിയത്. നാല് വിദ്യാർത്ഥികൾ ഇവർക്ക് പണം കൈമാറിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചു. വരുംദിവസങ്ങളിൽ ഈ വിദ്യാർത്ഥികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് കിട്ടിയത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ.

സാമ്പത്തിക ചുറ്റുപാട് മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം. എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളുടേയും ഫോൺ സംഭാഷണത്തിൻറെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ മാർക്ക് ലിസ്റ്റ് തിരുത്താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാന്പത്തിക സഹായം നൽകിയതാണെന്നും ചില വിദ്യാർത്ഥികൾ പറയുന്നു. എൽസിയെ അറിയില്ലെന്നാണ് മറ്റുള്ളവരുടെ നിലപാട്. കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ എൽസിയേയും വിദ്യാർത്ഥികളേയും വിശദമായി ചോദ്യം ചെയ്യാൻ തന്നെയാണ് വിജിലൻസ് തീരുമാനം. എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്.

പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് നാടകീയമായി എൽസിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്.

മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന കിട്ടിയിരുന്നു. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയാണ്.കൊവിഡ്‌ കാലത്തെ പരീക്ഷകളിലെ ആശയക്കുഴപ്പം മുതലെടുത്താണ് പത്തനംതിട്ട സ്വദേശിയിൽ നിന്ന് എൽസി പണം വാങ്ങിയത്. എൽസിയുടെ നിയമനത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്.

എം ജി സർവകലാശാലയിലെ മാർക്ക് ലിസ്റ്റിന് കൈക്കൂലി സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 2016 മുതൽ എംബിഎ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽസി ആദ്യ നിയമനം നേടിയെടുത്തത് എസ്എസ്എൽസി പോലും പാസാകാതെ ആണ്. 2009 മുതൽ താൽകാലിക വേതനത്തിൽ തൂപ്പുകാരി. 2010 ൽ ചില ഇളവുകൾ മുതലെടുത്തു എസ്എസ്എൽസി പോലും പാസാകാതെ പ്യൂൺ തസ്തികയിലെത്തി. എഴുത്തു പരീക്ഷയില്ലാതെ ആയിരുന്നു നിയമനം.

എസ്എസ്എൽസി, ഡിഗ്രീ യോഗ്യത പരീക്ഷകൾ ജയിച്ച ശേഷം 2016 ൽ അസിസ്റ്റന്റ് തസ്തികയിൽ എത്തി. പിഎസ്‌സിക്ക് വിട്ട നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തിരക്കിട്ട നിയമനം. എം ജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ സജീവ അംഗമായ എൽസി ഈ സ്വാധീനങ്ങൾ എല്ലാം ഉപയോഗിച്ചാണ് പദവികൾ നേടിയെടുത്തതെന്ന് വ്യക്തം.

2016ൽ അനധ്യാപക നിയമനങ്ങൾപിഎസ്‍സിക്ക് വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങൾ. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിൻറെ പകർപ്പ് നേരത്തെ പുറത്ത് വന്നിരുന്നു. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്ട്.

കൈക്കൂലിക്കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് വിസിക്ക് ഉറപ്പ്. പക്ഷേ സർവകലാശാലയിലെ ഏതോ അലമാരയിൽ പൊടിയടിച്ചിരിക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിൻറെ 2020 ജനുവരിയിലെ റിപ്പോർട്ടിൽ എൽസിയുടെ നിയമനം അനധികൃതം. ബൈട്രാൻസ്ഫർ നിയമനങ്ങളുടെ ചട്ടം ലംഘിച്ചാണ് 2017ൽ 10 പേരുടെ സ്ഥാനത്ത് എൽസി ഉൾപ്പെടെ 28 പേരെ നിയമിച്ചത്.

ക്രമക്കേടിൻറെ വഴി ഇങ്ങനെ. എൻട്രി കേഡർ അസിസ്റ്റൻറിൻറെ 238 തസ്തികൾ. അതിൻറെ നാല് ശതമാനം പേർക്ക് ബൈട്രാൻസ്ഫർ നൽകാമെന്ന് ചട്ടം. അതായത് താഴ്ന്ന തസ്തികയിൽ 4 വർഷം സർവീസ് പൂർത്തിയാക്കിയ 10 പേർക്ക്. പക്ഷേ വേണ്ടപ്പെട്ടവർക്കായി ചട്ടം ചിട്ടപ്പെടുത്തി. എല്ലാ അസിസ്റ്റൻറ് തസ്തികയുടേയും ആകെ ഒഴിവായ 712ൻറെ നാല് ശതമാനമാക്കി. അങ്ങനെ എൽസി ഉൾപ്പെടെ 18 പേർക്ക് പിൻവാതിൽ നിയമനം. ഈ പതിനെട്ട് നിയമനങ്ങളും റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം പറയുന്നു.

മറ്റൊരു നഗ്നമായ ചട്ടലംഘനം നടന്നത് 2018ൽ. 2008ലെ സുപ്രീംകോടതി ഉത്തരവ് സർവകാശാലാ നിയമം ആയില്ലെന്ന ന്യായീകരണം നിരത്തി നടത്തിയെടുത്തത് 31 നിയമനങ്ങൾ. 10 വർഷം മുമ്പുള്ള കോടതി ഉത്തരവ് നിയമമാക്കേണ്ടിയിരുന്നത് ആരാണ്. അനധികൃത നിയമനം നടത്തിയ സിൻഡിക്കേറ്റ് തന്നെ. സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ മാത്രമായിരുന്നു ക്ലറിക്കൽ അസിസ്റ്റൻറുമാരെ അസിസ്റ്റൻറുമാരാക്കിയത്. പിഎസ്‍സി മുഖേന ലഭിക്കേണ്ട 31 പേരുടെ നിയമനം ഇല്ലാതാക്കി. ഈ നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നും ചുക്കാൻ പിടിച്ച സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ധനകാര്യ പരിശോധന വകുപ്പിൻറെ റിപ്പോർട്ടിൽ പറയുന്നു. പക്ഷേ വർഷം രണ്ടായിട്ടും റിപ്പോർട്ടിൻ പുറത്ത് ഒന്നുമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here