സ്ഥാപന മേധാവിയുടെ പേരിൽ പണം തട്ടാൻ വ്യാജ സന്ദേശം; വെബ്സൈറ്റും വ്യാജം

0

പാലക്കാട് ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻസ് ലിമിറ്റഡ് മേധാവിയുടെ പേരിൽ വ്യാജ മൊബൈൽ സന്ദേശമയച്ചു പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഉത്തരേന്ത്യയിലേക്ക്.
തട്ടിപ്പുസംഘം, കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ചതായും കണ്ടെത്തി. സൈബർ പൊലീസ് ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മേധാവിയുടെ ഫോട്ടോ ഉപയോഗിച്ച് ഔദ്യോഗിക ഇ മെയിലിനു സമാനമായ രണ്ടു വ്യാജ മെയിൽ ഐഡിയും സംഘം ഉണ്ടാക്കി. ഇതു റദ്ദാക്കാൻ ആവശ്യപ്പെടുമെന്നു പൊലീസ് അറിയിച്ചു.

ഈ മാസം 20നാണു ഇൻസ്ട്രുമെന്റേഷനിലെ ജീവനക്കാർക്കു ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. ബാലസുബ്രഹ്മണ്യന്റെ പേരിൽ വ്യാജ ഇ മെയിൽ സന്ദേശമെത്തിയത്. വാട്സാപ് നമ്പർ ചോദിച്ചായിരുന്നു സന്ദേശം. ഇതു വിശ്വസിച്ചു പലരും മൊബൈൽ നമ്പർ നൽകി. പിന്നീട് സിഎംഡിയുടെ ഫോട്ടോ ഉപയോഗിച്ച് വാട്സാപ് നമ്പറിൽനിന്നു സന്ദേശമെത്തി. ഓൺലൈൻ വ്യാപാര സൈറ്റിൽനിന്നു വലിയ തുകയുടെ ഇ ഗിഫ്റ്റ് കാർഡ് ആവശ്യപ്പെട്ടായിരുന്നു സന്ദേശം. സംശയം തോന്നി ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചതോടെയാണു തട്ടിപ്പു തിരിച്ചറിഞ്ഞത്. തട്ടിപ്പുസംഘം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നാണു വ്യാജ ഇ മെയിൽ ഐഡിയുണ്ടാക്കിയതെന്നു സൈബർ പൊലീസ് കണ്ടെത്തി.

കെഎസ്ഇബിയുടെ പേരിലും വ്യാജ സന്ദേശമയച്ചു സംസ്ഥാനത്ത് ഈയിടെ ഒട്ടേറെ തട്ടിപ്പുകൾ നടന്നിരുന്നു. ഇത്തരത്തിൽ നൂറിലേറെ പരാതികളാണു സൈബർ സെല്ലിനു ലഭിച്ചത്. വ്യക്തി വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പിനെതിരെ ജനം ജാഗ്രത പാലിച്ചപ്പോൾ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പു നടത്താനാണു സംഘങ്ങളുടെ പുതിയ ശ്രമമെന്നും പൊലീസ് അറിയിച്ചു.

Leave a Reply