കേരളത്തിൽ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; എൻഡിആർഎഫ് സംഘം കേരളത്തിലേക്ക് തിരിച്ചു

0

തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നൽകിയത്. ഇതേ തുടർന്ന് ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. എൻഡിആർഎഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ജലകമ്മീഷൻ അറിയിച്ചു.

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. വിനോദസഞ്ചാരികൾ രാത്രി യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.

അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാൽ ജില്ലാ- താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 1077 എന്ന ട്രോൾ ഫ്രീ നമ്പറിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങൾ 1912 എന്ന നമ്പറിൽ അറിയിക്കാം. കനത്ത മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.
കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാവണം.
കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെ.എസ്.ഇ.ബിയുടെ 1912 കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
മലയോര മേഖലകളിലേക്ക് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നത് വരെ ഒഴിവാക്കുക.
വിനോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here