ചരക്ക്‌ സേവന നികുതി യുടെ വ്യാപാര സൗഹൃദ സാധ്യതകള്‍ ചൂഷണം ചെയ്‌തു തട്ടിപ്പിന്റെ രീതികളും വര്‍ധിക്കുന്നു

0

തിരുവനന്തപുരം : ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി)യുടെ വ്യാപാര സൗഹൃദ സാധ്യതകള്‍ ചൂഷണം ചെയ്‌തു തട്ടിപ്പിന്റെ രീതികളും വര്‍ധിക്കുന്നു. ജൂലൈയോടെ ജി.എസ്‌.ടി നഷ്‌ടപരിഹാരം നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളോട്‌ ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയിലാണ്‌ തട്ടിപ്പിന്റെ പുതിയ മേഖലകള്‍ അവര്‍ വിശദീകരിച്ചിരിക്കുന്നത്‌. ഇതുള്‍പ്പെടെ നിയമം കര്‍ശനമാക്കിലേ വകുപ്പിന്‌ ഭാവിയില്‍ സുഗമമായി മുന്നോട്ടുപോകാനാകുകയുള്ളുവെന്നാണ്‌ സംഘടനകള്‍ നല്‍കിയിരിക്കുന്ന മറുപടി.
ജി.എസ്‌.ടി. നടപ്പാക്കിയശേഷം കേരളത്തിന്റെ നികുതിവരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്‌. നേരത്തെ 17 % വരെ വളര്‍ന്ന നികുതിവരുമാനം ജി.എസ്‌.ടി. വന്നശേഷം 10 ശതമാനത്തിന്‌ അപ്പുറം പോയിട്ടില്ല. കേന്ദ്രത്തില്‍ നിന്ന്‌ 14% വളര്‍ച്ചകണക്കാക്കി ലഭിച്ചുകൊണ്ടിരുന്ന നഷ്‌ടപരിഹാരം ഉപയോഗിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോയികൊണ്ടിരുന്നത്‌.
ഇത്‌ അഞ്ചുവര്‍ഷം കൂടി നീട്ടണമെന്ന്‌ സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍നിന്ന്‌ ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വകുപ്പിനെ സമഗ്രമായി പുനഃസംഘടിപ്പിച്ച്‌ കാര്യക്ഷമമാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. ഇതിനായാണ്‌ ജീവനക്കാരുടെ സംഘടനകളില്‍ നിന്നുള്ള അഭിപ്രായം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതും.
ജി.എസ്‌.ടി. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട്‌ നിയന്ത്രണമില്ലാതെ രജിസ്‌ട്രേഷന്‍ എടുത്ത്‌ നികുതിവെട്ടിപ്പ്‌ നടത്തുന്നവരുടെ എണ്ണം വ്യാപകമാകുന്നുവെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടിയരിക്കുന്നത്‌. ഒരു മുറിയില്‍ മാത്രം നൂറിലധികം രജിസ്‌ട്രേഷന്‍ ഉള്ള വ്യാപാരസ്‌ഥാപനങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സര്‍ക്കാരിന്റെ വ്യാപാരസൗഹൃദത്വത്തെ വന്‍തോതില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു.
മാത്രമല്ല, കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വ്യാപാരികളില്‍ കാല്‍ശതമാനം പോലും ശരിയായി രീതിയില്‍ കണക്കുകള്‍ എഴുതി സൂക്ഷിക്കുകയോ യഥാസമയം നികുതി അടയ്‌ക്കുകയോ ചെയ്യുന്നില്ലെന്നും ഇവര്‍ വ്യക്‌തമാക്കുന്നുണ്ട്‌്.
അതുകൊണ്ട്‌ ചെറുകിടക്കാരെ ഒഴിവാക്കികൊണ്ട്‌ വന്‍കിടക്കാരില്‍ പരിശോധന ശക്‌തമാക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ നിയമത്തിലെ വ്യവസ്‌ഥകളും റിട്ടേണ്‍ സ്‌ക്രൂട്ടണിയും കാര്യക്ഷമമാക്കിയാല്‍ ചെറുകിടക്കാരെയും നിയന്ത്രിക്കാമെന്നും കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ ഫ്രണ്ട്‌ സര്‍ക്കാരിന്‌ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്‌തമാക്കുന്നു. വാറ്റിലേതുപോലെ അസസ്‌മെന്റ്‌ ക്വാട്ട നിര്‍ദ്ദേശിച്ചാല്‍ പരിഹാരം ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരുകോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള വ്യാപാരസ്‌ഥാപനങ്ങളിലേക്ക്‌ മാത്രം ഓഡിറ്റ്‌ ചുരുക്കുന്നതാണ്‌ ഉചിതം. അതുപോലെ നികുതിയിലെ ഉദാരമായ വ്യവസ്‌ഥകള്‍ മൂലം ചെക്ക്‌പോസ്‌റ്റുകള്‍ പോലും ഇല്ലാതാകുകയും വന്‍തോതില്‍ നികുതിവെട്ടിപ്പ്‌ നടക്കുകയുമാണ്‌. ഈ സാഹചര്യത്തില്‍ ഇന്റലിജന്‍സ്‌ വിഭാഗം ശക്‌തമാക്കണം. നികുതിവെട്ടിപ്പ്‌ നടത്തുന്നവരെ അറസ്‌റ്റുചെയ്യുന്നത്‌ ഇവരായതുകൊണ്ട്‌ കേന്ദ്രത്തിലേതുപോലെ ഇവിടെയും ജി.എസ്‌.ടി സര്‍ക്കിള്‍ ഓഫീസുകളില്‍ യൂണിഫോം നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്‌.
ഉന്നതനിയമനങ്ങള്‍ക്ക്‌ ഐ.ആര്‍.എസുകാരെ കാത്തിരിക്കുന്നതിന്‌ പകരം കെ.എ.എസില്‍ നിന്നും നിയമനം നടത്തണം. പുനഃസംഘടന അടുത്തസാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Leave a Reply