കൊച്ചി∙ ഡ്രൈഡേയിലും അവധി ദിവസങ്ങളിലും ആവശ്യക്കാർക്ക് യഥേഷ്ടം മദ്യം വിറ്റിരുന്നയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഇരുമ്പനം സ്വദേശി ആലികുഴിയിൽ എ.പി. വിൽസൻ(51) ആണ് പിടിയിലായത്. ആവശ്യക്കാർക്ക് സ്കൂട്ടറിൽ വീടുകളിൽ എത്തിച്ചു മദ്യം നൽകുന്നതായിരുന്നു പതിവ്. ഒന്നാം തീയതികളിലും ഡ്രൈഡേകളിലുമായിരുന്നു മദ്യവിൽപന ഏറെയും.
ബവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്തു ശേഖരിച്ചുവച്ച് വിൽപന നടത്തുന്നതാണ് പതിവ്. 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. വളരെ അടുത്ത കൂട്ടുകാർക്കാണെങ്കിൽ 550 രൂപയ്ക്കും നൽകും. കഴിഞ്ഞ ദിവസം മദ്യം ആവശ്യപ്പെട്ട് ഇയാളെ സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കും ഇയാൾ 600 രൂപക്ക് മദ്യം വിറ്റു. ഇതോടെയാണ് ഇയാൾ പിടിയിലാകുന്നത്.
ഇന്നലെ വിൽപന കഴിഞ്ഞ ശേഷവും ഇയാളുടെ പക്കൽ നിന്ന് അരലീറ്ററിന്റെ 22 കുപ്പികളാണ് എക്സൈസ് പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിക്കുന്ന ആക്ടിവ സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. നൂറു കണക്കിന് ആളുകൾ ഇയാളുടെ പക്കൽ നിന്നു പതിവായി മദ്യം വാങ്ങിയിരുന്നതായാണ് വിവരം. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
English summary
Excise officials nab man selling liquor to customers on dry days and holidays