Sunday, November 28, 2021

സ്കൂൾ തുറക്കൽ പടിവാതിൽക്കലെത്തിയിട്ടും കിഴക്കൻ മേഖലയിലെ സ്കൂളുകളിൽ അധ്യാപകരുടെ ഒഴിവ് നികത്തുന്നില്ല

Must Read

സ്കൂൾ തുറക്കൽ പടിവാതിൽക്കലെത്തിയിട്ടും കിഴക്കൻ മേഖലയിലെ സ്കൂളുകളിൽ അധ്യാപകരുടെ ഒഴിവ് നികത്തുന്നില്ല. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ മിക്ക സ്കൂളുകളിലും പ്രഥമാധ്യാപകരുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

162 കുട്ടികൾ പഠിക്കുന്ന ആര്യങ്കാവ് എൽ.പി.സ്കൂളിൽ പ്രഥമാധ്യാപകന്റേതുൾപ്പെടെ നാല് ഒഴിവുണ്ട്. പി.ടി.സി.എം.ഒഴിവും നികത്തപ്പെട്ടിട്ടില്ല. അധ്യാപക ഒഴിവ് നികത്താത്തതിനാൽ സ്ഥലംമാറ്റം ലഭിച്ചവർക്ക് പോകാനും കഴിയുന്നില്ല.

നൂറോളം കുട്ടികൾ പഠിക്കുന്ന കഴുതുരുട്ടി എൽ.പി.സ്കൂളിലും പ്രഥമാധ്യാപകന്റേതുൾപ്പെടെ നാല് ഒഴിവുണ്ട്. 60 കുട്ടികൾ പഠിക്കുന്ന തെന്മല എൽ.പി.സ്കൂളിൽ രണ്ട് അധ്യാപകരുടെയും പ്രഥമാധ്യാപകന്റെയും ഒഴിവുണ്ട്. ഒറ്റക്കൽ ഡബ്ല്യു.യു.പി.സ്കൂളിൽ മൂന്ന് അധ്യാപകരുടെയും ഒരു പി.ടി.സി.എമ്മിന്റെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്‌. ഇവിടെ പ്രഥമാധ്യാപകന്റെയും ഓഫീസ് അറ്റൻഡറുടെയും ഒഴിവുണ്ട്‌.

ഒറ്റക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടും യു.പി.വിഭാഗത്തിൽ ഒന്നും അധ്യാപക ഒഴിവുണ്ട്. ഉറുകുന്ന് എൽ.പി.സ്കൂളിൽ പ്രഥമാധ്യാപകന്റേതടക്കം രണ്ടൊഴിവുണ്ട്. ഇടമൺ എൽ.പി.സ്കൂളിൽ പ്രഥമാധ്യാപക ടക്കം മൂന്ന് ഒഴിവാണുള്ളത്‌. പി.ടി.സി.എം.വേക്കൻസിയും നിലനിൽക്കുന്നു.

ഇടമൺ ന്യൂ എൽ.പി.സ്കൂളിൽ ഒരധ്യാപക ഒഴിവുണ്ട്. റോസ്‌മല യു.പി.സ്കൂളിൽ പ്രഥമാധ്യാപിക മാത്രമാണുള്ളത്. ഇവിടെ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവ് പൂർണമായി നികത്തിയിട്ട്‌ വർഷങ്ങളായി. അതിനാൽ ഓൺലൈൻ ക്ലാസുകൾ ബുദ്ധിമുട്ടിയാണ് നടത്തുന്നത്. അച്ചൻകോവിലിൽ എൽ.പി.വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലുമായി ആറൊഴിവുണ്ട്. വർഷങ്ങളായി ഇതാണ്‌ അവസ്ഥ.

നിയമനം കിട്ടിയാലും മലയോരമേഖലയിലെ സ്കൂളായതിനാൽ പലരും ബന്ധങ്ങൾ ഉപയോഗിച്ച് സ്ഥലംമാറ്റം വാങ്ങുകയാണ് പതിവ്. ആഴ്ചകൾക്കുമുൻപ് രണ്ട് അധ്യാപകരെ ഇവിടേക്ക് നിയമിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ ഒരാൾ സ്ഥലംമാറ്റം തരപ്പെടുത്തി.

അധ്യാപകരില്ലാത്തതിനാൽ അച്ചൻകോവിൽ സ്കൂളിൽനിന്ന് കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കാൻ കഴിയുന്നില്ല. ഇവിടത്തെ കുട്ടികളെ അഞ്ചൽ, പുനലൂർ ഭാഗങ്ങളിലെ സ്കൂൾ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയാണ് ക്ലാസ് നൽകുന്നത്. പുനലൂരിൽനിന്ന് അലിമുക്കുവഴി നാൽപ്പഞ്ചോളം കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താൻ കൃത്യമായി ബസ് സർവീസില്ലാത്തതും തിരിച്ചടിയാകുന്നു.

നിലവിലുള്ള അധ്യാപകർ സ്കൂളിൽ താമസിച്ചാണ് ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. പുറത്തുനിന്നെത്തുന്ന അധ്യാപകർക്ക് താമസിക്കാനുള്ള സൗകര്യം ചുറ്റുവട്ടത്തും സ്കൂളിലുമായി ഉണ്ടെന്നും നിലവിലുള്ള അധ്യാപകർ പറയുന്നു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News