റവന്യൂ വകുപ്പിലെ സ്‌ഥലമാറ്റം അനന്തമായി നീളുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ അതൃപ്‌തി പുകയുന്നു

0

കോട്ടയം : റവന്യൂ വകുപ്പിലെ സ്‌ഥലമാറ്റം അനന്തമായി നീളുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ അതൃപ്‌തി പുകയുന്നു. തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ മൂലം മൂവായിരത്തിലേറെ ജീവനക്കാര്‍ വലയുന്നതിനൊപ്പം ജനങ്ങളെ ദൈനംദിനം ബാധിക്കുന്ന പല ഫയല്‍ നീക്കങ്ങളും തടസപ്പെടുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
നിലവില്‍ ഒരു വര്‍ഷത്തിനിടെ മൂന്നു പ്രാവശ്യം സ്‌ഥാനക്കയറ്റം നല്‍കി ജൂണിയറായ ജീവനക്കാരെ അതാത്‌ ജില്ലകളില്‍ നിയമിച്ചിരിക്കുകയാണ്‌. ഇതോടെ സ്‌ഥാനക്കയറ്റം മൂലമുള്ള ഒഴിവില്ലാതെ വരുന്നതോടെ വടക്കന്‍ ജില്ലകളില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുന്ന സീനിയറായ ജീവനക്കാര്‍ക്ക്‌ മധ്യ, തെക്കന്‍ കേരളത്തിലെ സ്വന്തം ജില്ലകളിലേക്കു വരാന്‍ കഴിയാത്ത അവസ്‌ഥയായി. മറ്റെല്ലാ വകുപ്പിലും ഓണ്‍ലൈന്‍ സ്‌ഥലം മാറ്റം നടപ്പിലാക്കിയപ്പോള്‍ റവന്യൂവകുപ്പില്‍ മാത്രം ഇതുമായി ബന്ധപ്പെട്ടുണ്ടായ ഗുസ്‌തി പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയെന്ന്‌ വിലയിരുത്തപ്പെടുന്നു.
സ്‌ഥാനക്കയറ്റവും സ്‌ഥലംമാറ്റവും ഓണ്‍ലൈനായി നടപ്പിലാക്കണമെന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്റെ്‌ ഉത്തരവിനു ശേഷം ഓണ്‍ലൈന്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി വകുപ്പ്‌ ഉത്തരവിറക്കിയിരുന്നു. ഇതില്‍ പരാതി ഉയര്‍ന്നതോടെ മൂന്നു ഭേദഗതികളോടെ മറ്റൊരു ഉത്തരവിറക്കി. ഈ ഉത്തരവില്‍ നഷ്‌ടമുണ്ടാകുമെന്നു ഭയന്ന ന്യൂനപക്ഷം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിനെ സമീപിച്ചതോടെ ഭേദഗതികള്‍ സ്‌റ്റേ ചെയ്‌തു. തുടര്‍ന്ന്‌ ആറു മാസം നീണ്ട വിചാരണ പൂര്‍ത്തിയായിട്ടു രണ്ടു മാസമായെങ്കിലും അന്തീമ തീര്‍പ്പുണ്ടായിട്ടില്ല. കേസ്‌ തീര്‍പ്പാക്കാന്‍ വകുപ്പിന്റെ ഭാഗത്തു നിന്നു നടപടികളൊന്നുമുണ്ടാകുന്നില്ലെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.
വകുപ്പിലെ പ്രമുഖ സര്‍വീസ്‌ സംഘടനയും സ്‌ഥലംമാറ്റം നടത്താത്ത വകുപ്പിന്റെ നടപടിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവര്‍ പറയുന്നു. സ്‌ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മൂലം നിലം പുരയിടം തരംമാറ്റവുമായി ബന്ധപ്പെട്ട്‌ ആയിരക്കണക്കിനു ഫയലുകളാണ്‌ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്‌. ഇതിനു പുറമേവര്‍ഷങ്ങളായി സ്‌ഥലം മാറ്റം ലഭിക്കാതെ വലയുന്ന ജീവനക്കാരുടെ ദുരിതങ്ങളും വര്‍ധിക്കുകയാണ്‌. പല തവണ പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടാകുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here