തലചായ്‌ക്കാന്‍ സ്വന്തമായി കൂര പോലുമില്ലെന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‌ല കമ്പനി സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക്‌

0

തലചായ്‌ക്കാന്‍ സ്വന്തമായി കൂര പോലുമില്ലെന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‌ല കമ്പനി സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക്‌. കൂട്ടുകാരുടെ ഒഴിവുള്ള കിടപ്പുമുറികളിലാണ്‌ ഇപ്പോള്‍ ഉറക്കമെന്നും മസ്‌കിന്റെ വാക്കുകള്‍.
അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ടെഡിനു നല്‍കിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. “ഇപ്പോള്‍ എനിക്ക്‌ ഒരിടമില്ല. കടല്‍ത്തീരത്തേക്കാണ്‌ പോകുന്നതെങ്കില്‍ അവിടെയെവിടെയെങ്കിലും സുഹൃത്തുക്കളുടെ കാലിയായ കിടപ്പുമുറിയാണ്‌ ശരണം. എനിക്ക്‌ ഉല്ലാസ നൗകയില്ല. അവധിയെടുക്കാനും ഉല്ലാസയാത്രകള്‍ക്കും മുതിരാറുമില്ല.” ലോകത്തെ സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചും കോടീശ്വരന്മാര്‍ ചെലവാക്കുന്ന പണത്തെക്കുറിച്ചുമുള്ള ചോദ്യത്തിന്‌ ഒഴുക്കന്‍ മട്ടില്‍ ഇലോണ്‍ മസ്‌കിന്റെ മറുപടി. ഈ പറയുന്ന കോടികളൊന്നും സ്വന്തമായി ചെലവിടാറില്ലെന്നാണ്‌ മസ്‌കിന്റെ മറുപടി. സ്വന്തമായുള്ളത്‌ ഒരു വിമാനമാണ്‌. അതില്ലെങ്കില്‍ പിന്നെ ജോലി ചെയ്യാന്‍ സമയം കിട്ടില്ല- ടെസ്‌ല സി.ഇ.ഒയുടെ വാക്കുകള്‍.
ടെഡിനു നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ അവര്‍ യൂട്യൂബ്‌ ചാനലിലും പങ്കുവച്ചു. തന്റെ വസതി വാടകയ്‌ക്കെടുത്തതാണെന്ന്‌ കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌ക്‌ വ്യക്‌തമാക്കിയിരുന്നു. അരലക്ഷം ഡോളറാണ്‌ സ്‌പേസ്‌ എക്‌സിനു വാടക നല്‍കുന്നതെന്നായിരുന്നു ട്വീറ്റ്‌. ഇതൊക്കെയാണെങ്കിലും 269.5 ശതകോടി ഡോളറാണ്‌ മസ്‌കിന്റെ ആസ്‌തി.

Leave a Reply