Thursday, December 2, 2021

പാൽ മുതൽ പാൽപ്പായസം വരെ; ചുറ്റിയടിക്കാൻ മാത്രമല്ല മാവേലി സ്റ്റോറായും വരുന്നു ആനവണ്ടികൾ

Must Read

യാത്രകളോട് പ്രിയമുള്ളവരാണ് നമ്മൾ മലയാളികൾ. ആ യാത്ര കെഎസ്ആർടിസിയിലാണെങ്കിലോ? അല്പം പ്രിയം കൂടും. മലയാളികൾ എന്നും നൊസ്റ്റാൾജിയ തേടി പോകുന്നവരാണ്. അതുകൊണ്ടുതന്നെ കെഎസ്ആർടിസി ബസിന്റെ സൈഡ് സീറ്റിൽ പാട്ടും കേട്ട് ഒരു യാത്ര, അത് നിർബന്ധം തന്നെയാണ്. എന്നാൽ എപ്പോൾ അത്തരത്തിൽ യാത്രക്കാർക്ക് മാത്രമല്ല ആനവണ്ടിയോട് പ്രണയം. മഞ്ഞുമലകളിലേക്ക് വിനോദസ‍ഞ്ചാരത്തിനു പോകുന്നവർ, പാൽ ഉൽപനങ്ങൾ വാങ്ങാൻ പോകുന്നവർ, വിവാഹത്തിന് സംഘമായി യാത്ര ചെയ്യുന്നവർ, ഓഫിസുകളിലേക്ക് പോകുന്നവർ, സ്കൂൾ കുട്ടികൾ… പലരും ആനവണ്ടിയെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.

കോവിഡ് കാലത്ത് എല്ലാ മേഖലകയിലും ഉണ്ടായ ഒരു തകർച്ച കെഎസ്ആർടിസിയുടെ വരുമാനത്തിലും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ആനവണ്ടിക്ക് പല തരത്തിലുള്ള രൂപമാറ്റങ്ങൾ വരുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ മാവേലി സ്റ്റോറായി മാറിയ കെഎസ്ആർടിസിയുടെ വരവ്. ഓടാൻ മാത്രം കണ്ടീഷനിൽ ഉള്ള ബസുകൾ മുതൽ കട്ടപ്പുറത്തായ ബസുകൾ വരെ ഇങ്ങനെ ടിക്കറ്റിതര വരുമാനത്തിനു വേണ്ടി പ്രയോജനപ്പടുത്തുന്നുണ്ട്.

ആറു ബസുകളാണ് മത്സ്യഫെഡിന് കൈമാറിയിരിക്കുന്നത്. പ്രധാനമായും തിരുവന്തപുരത്താണ് ഇതിന്റെ സർവീസ്. മത്സ്യത്തൊഴിലാളികളെ നഗരത്തിലേക്ക് കൊണ്ടു വരുന്നതിനും അവർക്ക് തിരികെ പോകുന്നതിനുമാണ് ബസുകൾ ഉപയോഗിക്കുന്നത്. മത്സ്യ വിൽപനയ്ക്കായി ബസുകൾ നൽകാൻ ആവശ്യമുണ്ടെങ്കിലും വാടക സംബന്ധിച്ച് അന്തിമ ചർച്ചകൾ നടക്കുന്നതേ ഉള്ളൂ.

വിനോദസഞ്ചാരികൾക്ക് മൂന്നാറിൽ താമസിച്ച് കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നതിനായി നൽകിയ 4 ബസുകൾ വൻഹിറ്റ് ആയിക്കഴിഞ്ഞു. ചെറിയ വാടകയ്ക്ക് താമസവും യാത്രയും തരപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത. സംഗതി ഹിറ്റ് ആയതോടെ 8 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബജറ്റ് ടൂറിസംസെല്ലിലും കെഎസ്ആർടിസി രൂപം നൽകി. അടൂർ, പത്തനംതിട്ട, കുളത്തൂപ്പൂഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, മലപ്പുറം ഡിപ്പോകളിൽ നിന്നെല്ലാം ടൂറിസം ബസുകൾ ഓപറേറ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് കോർപറേഷൻ. മലക്കപ്പാറയിലേക്കുള്ള ട്രിപ്പും ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ട ഗവിയിലേക്കും അടുത്തു തന്നെ തുടങ്ങും. ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലും ‘കറങ്ങാൻ’ ആഗ്രഹിക്കുന്ന സംഘങ്ങൾക്കും ഇത്തരം ബോണ്ട് സർവീസുകൾ നൽകാൻ പരിപാടിയുണ്ട്.

കുടുംബശ്രീയുടെ തട്ടുകടകൾ ആരംഭിക്കാൻ വേണ്ടി 14 ജില്ലകളിലുമായി 18 ബസുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. കൂടുതൽ ബസുകൾ അനുവദിക്കുമെന്നാണ് വിവരം. ഏറ്റവും മനോഹരമായ രീതിയിൽ ബസുകൾ റീമോഡൽ ചെയ്തത് മിൽമയ്ക്കു വേണ്ടിയാണ്. ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുന്ന 34 ബസുകളാണ് മിൽമയുടെ പാൽ വാഹനങ്ങളാക്കി മാറ്റിയിരിക്കുന്നത്. വാഹനത്തിനകത്ത് ഇരുന്ന് ചായയും ലഘുഭക്ഷണവും കഴിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

15 വർഷം കഴിഞ്ഞതിനാൽ കെഎസ്ആർടിസിയുടെ രണ്ട് ഡബിൾഡെക്കർ ബസുകൾ യാത്രക്കാർക്കു വേണ്ടി സർവീസ് നടത്താൻ സാധിക്കില്ല. അതിനാൽതന്നെ ഈ ബസുകൾ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇപ്പോൾ നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്ക് സംഘമായി യാത്ര ചെയ്യുന്നവർക്ക് ബുക്ക് ചെയ്യാം.

രണ്ടു ബസുകളും കഴുകി വൃത്തിയാക്കി യാത്രാസംഘങ്ങളെ കാത്തിരിപ്പാണ്. നല്ല പ്രതികരണമാണ് ഈ പദ്ധതിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. 4 മണിക്കൂറിന് 6000 രൂപയും 8 മണിക്കൂറിന് 8000 രൂപയുമാണ് വാടക. ഇതു കൂടാതെ, ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് കൊച്ചിയിൽ രണ്ട് ബസുകൾ ഓയിൽ ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് വീട്ടു കൊടുത്തിട്ടുണ്ട്. കമ്മിഷനും വാടകയുമാണ് കെഎസ്ആർടിസിയുടെ വരുമാനം.

സ്കൂളുകളും സർക്കാർ ഓഫിസുകളും ഭാവിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പോകുന്നത് ബോണ്ട് സർവീസുകളാണ്. ഈ ബസുകളിൽ ഇരുന്നു യാത്ര ചെയ്യാൻ കഴിയുന്ന എണ്ണം യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഓരോ സർക്കാർ ഓഫിസുകളിലേക്കുമുള്ള ജീവനക്കാർക്ക് യാത്ര ചെയ്യാൻ ഇത് ഉപയോഗിക്കാം. കോവിഡ് കാലത്തിനു ശേഷം സ്കൂൾ ബസുകൾ പലതും കട്ടപ്പുറത്തായതോടെ കുട്ടികൾക്ക് വേണ്ടിയും ബോണ്ട് സർവീസുകൾ ആവശ്യം വരുന്നുണ്ട്.

സ്കൂളുകൾ ബോണ്ട് സർവീസിനായി കെഎസ്ആർടിസിക്ക് അപേക്ഷ നൽകിയാൽ മതി. വിദ്യാര്‍ഥികൾക്കായി നിശ്ചിത തുക വാടക വാങ്ങി ബസുകൾ വിട്ടുകൊടുക്കും. ആയിരത്തോളം അപേക്ഷകൾ ഇതിനോടകം വന്നു കഴിഞ്ഞതായാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള ബോണ്ട് സർവീസിന്റെ നിരക്കുകൾ കഴിഞ്ഞ ദിവസം കെഎസ്ആർടിസി കുറച്ചിരുന്നു. 100 കിലോമീറ്റർ വരെ ഓടുന്ന ബസിന് പ്രതിദിന വാടക 7500 രൂപയായിരിക്കും. നേരത്തേ അത് 10 കിലോമീറ്ററിന് 6000 രൂപയായിരുന്നു.

പഴയ വണ്ടികളിൽ ചിലതെങ്കിലും മാലിന്യനീക്കത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ ശുപാർശയുണ്ട്. വാഹനങ്ങൾ റീമോഡൽ ചെയ്ത്, ഡ്രൈവറെ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടു കൊടുക്കും. കെഎസ്ആർടിസി എംഡിക്കു തന്നെ നഗരാസൂത്രണത്തിന്റെ ചുമതല കൂടി ഉള്ളതിനാൽ നടപടികൾ വേഗത്തിലാവുമെന്നാണ് സൂചന. കെഎസ്ആർടിസി ജീവനക്കാർക്കു പക്ഷേ, ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്.

കെഎസ്ആർടിസിയിൽ വൈവിധ്യവൽക്കരണം നടപ്പാക്കുന്നതിനു ഗതാഗത മന്ത്രി ആന്റണി രാജു പൂർണ പിന്തുണയാണ് ഉറപ്പു നൽകിയിരിക്കുന്നത്. നേരത്തേ കെഎസ്ആർടിസി സ്റ്റാൻഡുകൾക്കു സമീപം, കോർപറേഷന്റെ കീഴിലുള്ള കെട്ടിടങ്ങളിൽ ബവ്റിജസ് ഔട്ട്‌ലറ്റുകൾ ആരംഭിക്കുന്നതു സംബന്ധിച്ച ചർച്ച വിവാദമായിരുന്നു. എന്നാൽ ബസുകൾ ഉപയോഗിച്ചുള്ള പുതുപദ്ധതികളെല്ലാംതന്നെ ഇരു കൈകളും നീട്ടിയാണ് ജനം സ്വീകരിക്കുന്നത്.

ഓർമകളുടെ നിരവധി നിമിഷങ്ങൾ സമ്മാനിക്കുന്ന കെഎസ്ആർടിസി ബസിലെ ഒരു യാത്ര മാത്രം മതി വീണ്ടും വീണ്ടും നമ്മെ ആറ്റിലേക്ക് ആകർഷിക്കാൻ. ബൈക്കുകളിൽ ചീറിപ്പായുന്ന യുവത്വം പോലും ഇപ്പോൾ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നതിന് ചില സിനിമകളും വഴി വെച്ചിട്ടുണ്ട്. പഴയകാല ഓർമ്മകൾ പേറുന്ന കെഎസ്ആർടിസി ബസ്സുകൾ മുഖം മാറി വരുമ്പോൾ പിറക്കുന്നത് മറ്റൊരു ഓർമ്മച്ചെപ്പ് കൂടിയാണ്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News