വയോധികയായ മാതാവിന്‌ സൈനികനായ മകന്റെ ക്രൂരമര്‍ദനം

0

ഹരിപ്പാട്‌: വയോധികയായ മാതാവിന്‌ സൈനികനായ മകന്റെ ക്രൂരമര്‍ദനം. ചേപ്പാട്‌ മുട്ടം ആലക്കോട്ടില്‍ ശാരദാമ്മയെ(70)യാണ്‌ മകന്‍ സുബോധ്‌(37) ക്രൂരമായി മര്‍ദിച്ചത്‌. മൂത്തമകന്‍ സുഗുണന്‍ മൊബൈലില്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സുബോധിനെ കരീലക്കുളങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ്‌ സംഭവം. പതിവായി മദ്യപിക്കുന്ന സുബോധ്‌ കുടുംബവഴക്കിനെത്തുടര്‍ന്ന്‌ അമ്മയെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ അമ്മയെ അസഭ്യം പറയുന്നതും ചുറ്റിയെടുത്ത്‌ എറിയുന്നതുമായ രംഗങ്ങളാണ്‌ വീഡിയോയിലുള്ളത്‌. സുഗുണന്റെ കൂടെയാണ്‌ അമ്മയും രോഗബാധിതനായ അച്‌ഛന്‍ നാരായണപിള്ളയും താമസിച്ചിരുന്നത്‌. സമീപത്ത്‌ തന്നെയാണ്‌ സുബോധിന്റെ വീട്‌. ദൃശ്യങ്ങള്‍ ഫെയ്‌സ്‌ബുക്കിലൂടെ സഹോദരന്‍ പുറത്തുവിടുകയും ഒരു മണിക്കൂറിന്‌ ശേഷം ഇത്‌ നീക്കുകയും ചെയ്‌തു.
പിന്നാലെ വീട്ടിലെത്തിയ പോലീസ്‌ അമ്മയുടെ മൊഴിയെടുത്തു. ആദ്യം പരാതിയില്ലെന്ന്‌ പറഞ്ഞെങ്കിലും പിന്നീട്‌ ശാരദാമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. ദേഹോപദ്രവം ഏല്‍പിച്ചതിന്‌ സുബോധിനെതിരെ കേസെടുത്ത്‌ റിമാന്‍ഡ്‌ ചെയ്യുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Leave a Reply