Monday, June 21, 2021

ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ലളിതമാക്കി എഡുമ്പസിന്റെ ആപ്

Must Read

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കെല്ലാം ഒരിടത്തു തന്നെ പരിഹാരം ലഭ്യമാക്കുന്ന മൊബൈല്‍ ആപ് പുറത്തിറക്കി പ്രീമിയര്‍ വിദ്യാഭ്യാസ സാമൂഹ്യ സംവിധാനമായ എഡുംപസ്. വിദ്യാഭ്യാസ പ്രവേശന നടപടികള്‍ ലളിതമാക്കുന്നതും സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്കിടയിലെ വിവര കൈമാറ്റത്തിന്റെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുന്നതുമാണ് ഈ ആപ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സംവിധാനങ്ങളില്‍ ഇതു ലഭ്യമാണ്.

കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആസൂത്രണത്തെ ബാധിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കാലതാമസം, അനിശ്ചിതത്വങ്ങള്‍, കൃത്യമായ സ്രോതസുകളുടെ അഭാവം എന്നിവയെല്ലാം അതില്‍ പെടുന്നു. UK, CANADA തുടങ്ങി 15 രാജ്യങ്ങളിലെ 500 സ്ഥാപനങ്ങളിലായുള്ള 50000ത്തിലേറെ കോഴ്‌സുകളുടെ വിവരങ്ങളാണ് ഈ ആപിലൂടെ വിദ്യാര്‍ത്ഥികളുടെ വിരല്‍ത്തുമ്പിലെത്തുന്നത്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് സവിശേഷതകള്‍, സര്‍വകലാശാലകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് വിവിധ രീതികളില്‍ ഏറ്റവും അനുയോജ്യമായ സാധ്യതകള്‍ ഇത് നിര്‍ദ്ദേശിക്കും. വിവിധ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ആഗോള വിദ്യാഭ്യാസ ശൃഖലയുടെ ഭാഗമാകാനും ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും. അവര്‍ക്കു താല്‍പര്യമുളള സര്‍വകലാശാലകളിലെ പൂര്‍വവിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനും അനുഭവസ്ഥരില്‍ നിന്ന് നേരിട്ടുള്ള അറിവുകള്‍ തേടാനും ഇതു വഴിയൊരുക്കും. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് പരിഹാരം തേടാനുള്ള യോഗ്യരായ കൗണ്‍സിലര്‍മാരുടെ തല്‍സമയ സഹായവും ആപിലൂടെ ലഭിക്കും.

കോവിഡ്-19 നമ്മുടെ സാധാരണ ജീവിതത്തെ ബാധിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണവും വിദേശത്തെ ഉന്നത വിദ്യാഭ്യാസവുമെല്ലാം ആസൂത്രണം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് ആപ് പുറത്തിറക്കുന്നതിനെ കുറിച്ചു സംസാരിച്ച സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അജേഷ് രാജ് ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റില്‍ എപ്പോഴും വിവരങ്ങളുടെ വന്‍ ഒഴുക്കുണ്ടാകും. പക്ഷേ, ഇത് തരംതിരിക്കുന്നതും ഉപയോഗിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുകയാണ്. ഈ പോരായ്മ പരിഹരിക്കുകയും തീരുമാനം എടുക്കും മുന്‍പ്് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ആധികാരികവും സമഗ്രവുമായ വിവരങ്ങള്‍ ലഭ്യമാക്കി പിന്തുണയ്ക്കുകയുമാണ് ആപിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളുടെ ഭാവി പൂര്‍ണമായും ഡിജിറ്റല്‍ ആയിരിക്കുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് സഹ സ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ ബാസില്‍ അലി പറഞ്ഞു. കോളേജ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടിലുള്ള മുന്നേറ്റങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുടക്കീഴില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും അവര്‍ ആഗ്രഹിക്കുന്ന കേളേജിലേക്കുള്ള യാത്ര സുഗമമാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 2019-ല്‍ തുടക്കം കുറിച്ച, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടുതല്‍ വികസിപ്പിച്ച് ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. ആഗോള തലത്തില്‍ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാരുമായും ദീര്‍ഘകാല പങ്കാളിത്തം സ്ഥാപിക്കുന്ന നടപടിയും തുടരുകയാണ്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News