ചൊവ്വയിലും ഭൂകമ്പം; മോൺസ്റ്റർ ക്വേക്ക് ചൊവ്വാ പഠനത്തിൽ പുതിയ വഴിത്തിരിവ്

0

ചൊവ്വയിൽ ഭൂകമ്പത്തിനു സമാനമായ വമ്പൻ പ്രകമ്പനം. നാസയാണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നാസയുടെ ഇൻസൈറ്റ് എന്ന ലാൻഡർ ദൗത്യമാണ് പ്രകമ്പനം പിടിച്ചെടുത്തത്. മേയ് നാലിനാണ് മോൺസ്റ്റർ ക്വേക്ക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച പ്രകമ്പനം സംഭവിച്ചത്. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രതക്ക് സമാനാമായ പ്രകമ്പനം ഭൂമിയിലെ കമ്പനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി തീവ്രതയുള്ളതാണ്. എന്നാൽ, ഭൂമിക്ക് പുറത്ത് ഇത്രയും തീവ്രതയുള്ള പ്രകമ്പനം നടക്കുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെയുള്ള കമ്പനങ്ങളൊന്നും ശാസ്ത്രീയമായ ജിജ്ഞാസ ഉയർത്തിയിരുന്നില്ല. എന്നാൽ മേയ് നാലിനു സംഭവിച്ച കനത്ത കമ്പനം ചൊവ്വാ പഠനത്തിനു പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ വർഷവും സാമാന്യം തീവ്രതയുള്ള രണ്ട് പ്രകമ്പനങ്ങൾ ചൊവ്വയിൽ സംഭവിച്ചിരുന്നു. എസ്0976എ എന്നു പറയുന്ന പ്രകമ്പനം സംഭവിച്ചത് ചൊവ്വയിലെ വാലിസ് മറീനറിസ് മേഖലയിലാണ്. 4000 കിലോമീറ്ററോളം നീളത്തിൽ വമ്പൻ മലകളും മലയിടുക്കുകളും സ്ഥിതി ചെയ്യുന്ന ഈ മേഖലയെ ചൊവ്വയിലെ ഗ്രാൻഡ് കാന്യോൺ എന്നുവിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും അതാണു പ്രകമ്പനത്തിനു വഴി വയ്ക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

ഇൻസൈറ്റ് ലാൻഡർ നിർമിച്ചത് ലോക്ഹീഡ് മാർട്ടിൻ സ്പേസ് എന്ന കമ്പനിയാണ്. നാസയുടെ ജെറ്റ് പ്രപ്പൽഷൻ ലബോറട്ടറിയാണ് ഇതിന്റെ നിയന്ത്രണം. ഇതിനുള്ളിലുള്ള ശാസ്ത്രീയ ഉപകരണങ്ങൾ അധികവും നിർമിച്ചത് യൂറോപ്യൻ ഏജൻസികളാണ്. 2018 മേയ് അഞ്ചിനാണു ലാൻഡറെ വഹിച്ചുള്ള ദൗത്യം അറ്റ്ലസ് റോക്കറ്റിൽ ഭൂമിയിൽ നിന്നു പുറപ്പെട്ടത്. ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന മേഖലയായിരുന്നു ലക്ഷ്യം.

2018 നവംബറിലാണ് ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ ലാൻഡ് ചെയ്തത്. ഈ ലാൻഡറിൽ വളരെയേറെ സെൻസിറ്റിവിറ്റിയുള്ള ഒരു സീസ്മോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണമാണ് കമ്പനത്തെ തിരിച്ചറിഞ്ഞ് അതിന്റെ തോത് ഭൂമിയിലെ ശാസ്ത്രജ്ഞരെ അറിയിച്ചത്. 2018 മുതലുള്ള കാലയളവിൽ 1300 കമ്പനങ്ങൾ ചൊവ്വയിൽ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയുടെ ഉപരിതലം, ആന്തരിക ഘടന തുടങ്ങിയവ വിലയിരുത്തുകയായിരുന്നു ലാൻഡറിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി സൗരയൂഥത്തിന്റെ ആദിമകാല ഘടനകളെക്കുറിച്ചും മനസ്സിലാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here