മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ബത്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു

0

സുൽത്താൻബത്തേരി : മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ബത്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള മന്തൊണ്ടിക്കുന്നിലെ വീട്ടിൽനിന്നാണ് അന്വേഷണ സംഘം ആയുധങ്ങൾ കണ്ടെടുത്തത്. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതേക്കുറിച്ച് കൂടുതൽ പുറത്തുവിടാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫ്, അദ്ദേഹത്തിന്റെ മാനേജർ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദ്ദീൻ എന്നിവരുമായി ബുധനാഴ്ച രാവിലെയാണ് അന്വേഷണസംഘം ബത്തേരിയിൽ തെളിവെടുപ്പിനെത്തിയത്. ഷൈബിനും കൂട്ടാളികളും സ്ഥിരമായി തമ്പടിച്ചിരുന്ന ബത്തേരി ടൗണിന് സമീപത്തുള്ള മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഒരുനിലവീടിന്റെ മുകൾ ഭാഗത്തുനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇറച്ചിവെട്ടാനുപയോഗിക്കുന്ന വലിയ കത്തിയും നാലുചെറിയ കത്തികളുമാണ് കണ്ടെടുത്തതെന്നാണ് വിവരം. തെളിവെടുപ്പിനിടെ ഷിഹാബുദ്ദീനാണ് ആയുധങ്ങൾ പോലീസിന് കാണിച്ചുകൊടുത്തത്. ഒരുനിലവീടിന്റെ മുകൾ ഭാഗം ഷീറ്റിട്ട് മേയുകയും അരിക് കെട്ടിമറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here