ഗ്രാമിന് മൂവായിരം രൂപ നൽകി വാങ്ങുന്ന മയക്കുമരുന്ന് വിൽക്കുന്നത് അയ്യായിരം രൂപ നിരക്കിൽ; മൂന്നംഗ സംഘം പിടിയിലായത് ഇങ്ങനെ

0

കന്യാകുമാരി: മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ. എസ്.ടി. മങ്കാട്, മംഗലത്തുവിള സ്വദേശി ശിവരാജന്റെ മകൻ ബിബിൻ (32), കൊല്ലം,തിരുമുല്ലവരം സ്വദേശി തുളസിയുടെ മകൻ അരുൺ തുളസി (28),തിരുവനന്തപുരം, മച്ചീൽ സ്വദേശി അപ്പുനാടാറിന്റെ മകൻ ഷാജി (47)എന്നിവരെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രിയിൽ പ്രതികളെ പിടികൂടിയത്. 2,70,000 രൂപ വില വരുന്ന മയക്കുമരുന്നുകളാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.

വടശ്ശേരി ബസ്റ്റാൻഡിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി വന്ന ബിബിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും തിരുവനന്തപുരത്ത് താമസിക്കുന്ന ഷാജിയും, അരുൺ തുളസിയും ബ്രോക്കർമാരാണെന്നും ബിബിൻ പോലീസിന് മൊഴി നൽകി.

ഇതിൻറെ അടിസ്ഥാനത്തിൽ മാരായമുട്ടം സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദിന്റെ സഹായത്തോടെ അരുൺ തുളസിയെയും , ഷാജിയെയും പിടികൂടുകയായിരുന്നു. പ്രതികളുടെ കൈവശം നിന്ന് 54 ഗ്രാമം എം.ഡി.എം.എയും പിടികൂടി. മാർക്കറ്റിൽ 2,70,000 രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തതെന്ന് അന്വേഷണത്തിന് നേതൃത്വം ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ ബംഗ്ലൂരിൽ നിന്ന് ഗ്രാമിന് 3000 കൊടുത്തു വാങ്ങി ഇവിടെ 5000 രൂപയ്ക്കാണ് മയക്കുമരുന്ന് വിൽക്കുന്നത്. വടശ്ശേരി സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. നർക്കോട്ടിക്സ് ഉദ്യോഗസ്ഥരും കേസിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply