ഡോ: വി. വേണുവിനെ ആഭ്യന്തര-വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചും മൂന്ന് വനിതകള്‍ക്ക് സുപ്രധാനപദവികള്‍ നല്‍കിയും ഐ.എ.എസ്. തലത്തില്‍ അഴിച്ചുപണി

0

തിരുവനന്തപുരം: ഡോ: വി. വേണുവിനെ ആഭ്യന്തര-വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചും മൂന്ന് വനിതകള്‍ക്ക് സുപ്രധാനപദവികള്‍ നല്‍കിയും ഐ.എ.എസ്. തലത്തില്‍ അഴിച്ചുപണി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിരമിക്കുന്ന ഒഴിവിലാണു വേണുവിന്റെ നിയമനം. നിലവില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വേണു. അദ്ദേഹത്തിനു പരിസ്ഥിതി വകുപ്പിന്റെ അധികച്ചുമതലയുമുണ്ടാകും.
കാര്‍ഷികോത്പാദന കമ്മിഷണര്‍ ഇഷിതാ റോയിയെ ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കാര്‍ഷികോത്പാദന കമ്മിഷണറുടെ അധികച്ചുമതലയുമുണ്ടാകും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിനെ പട്ടികജാതി/വര്‍ഗ വികസനം, പിന്നാക്കവികസനവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ഉയര്‍ന്ന ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ ഏറെ പഴി കേട്ട ഉദ്യോഗസ്ഥനാണു പ്രശാന്ത്.
റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനു പട്ടികജാതി/വര്‍ഗ വികസനം, പിന്നോക്കവികസനം,സാംസ്‌കാരിക (പുരാവസ്തു, പുരാരേഖ, മ്യൂസിയം) വകുപ്പുകളുടെ അധികച്ചുമതല നല്‍കി. ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയെ ജലവിഭവവകുപ്പിലേക്കു മാറ്റി. കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെയും കൃഷിവകുപ്പിന്റെയും അധികച്ചുമതലയുണ്ടാകും. ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെ ആരോഗ്യ-കുടുംബക്ഷേമവകുപ്പിലേക്കു മാറ്റി. ആയുഷ്, തുറമുഖവകുപ്പുകളുടെ അധികച്ചുമതലയുമുണ്ട്. തദ്ദേശസ്വയംഭരണ (ഗ്രാമീണ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിന് നഗരകാര്യവകുപ്പിന്റെ അധികച്ചുമതലയും നല്‍കി.
2020-ല്‍ ഐ.എ.എസ്. ലഭിച്ച ജലവിഭവവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസിനെ സഹകരണ സൊെസെറ്റികളുടെ രജിസ്ട്രാറായി നിയമിച്ചു. മുല്ലപ്പെരിയാര്‍ നിരീക്ഷണസമിതി അംഗത്തിന്റെ ചുമതല തുടര്‍ന്നും വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here