പി സി ജോർജിനെ ഒറ്റപ്പെടുത്തി മൂലയ്ക്കിരുത്താമെന്ന് കരുതേണ്ട; ബിജെപി സംരക്ഷണം നൽകുമെന്ന് കെ സുരേന്ദ്രൻ

0

തൃശൂർ: പി സി ജോർജിനെ ബിജെപി സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത പണ്ഡിതൻമാർക്കെതിരെ കേസെടുക്കാതെ പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്‌ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസിൽ നിന്നും ഇടത് പാർട്ടികളിൽ നിന്നും പുതുതായി ബിജെപിയിലേക്ക് എത്തിയവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴയിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം.

ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിലപാട് കേരളത്തിൽ വർഗ്ഗീയ ശക്തികളെ വളർത്തുകയാണ്. ചില പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പി.സി ജോർജ്ജിനെ വലിയ കുറ്റവാളിയാക്കുന്നു. അതേസമയം മ്ലേച്ഛമായ വാക്കുകൾ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയ മതപണ്ഡിതൻമാർക്കെതിരെയോ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെയോ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാലാ ബിഷപ്പിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയപ്പോൾ ബിഷപ് ഹൗസിന് ബിജെപി പ്രവർത്തകർ സംരക്ഷണം നൽകി. ജോർജ്ജ് എം തോമസിന്റെ ലൗ് ജിഹാദ് പരാമർശത്തിൽ പാർട്ടി നടപടി കൈക്കൊണ്ടതോടെ കേരളം വലിയ ആപത്തിന്റെ മുകളിലാണെന്ന് ക്രൈസ്തവ സമുഹത്തിന് മനസ്സിലായെന്നും സുരേന്ദ്രൻ പറഞ്ഞു.

ജോർജ്ജിന്റെ പൗരാവകാശം സംരക്ഷിക്കാൻ ബിജെപി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പി.സി ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ സെഷൻസ് കോടതി തളളിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിക്കാനിരിക്കെ പി.സി ജോർജ്ജ് ഒളിവിലാണെന്ന തരത്തിൽ പ്രചാരണവും അഴിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. കെ കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുളളവരാണ് ബിജെപിയിൽ എത്തിയത്. ബിജെപി തൃശൂർ ജില്ലാ ഘടകം സംഘടിപ്പിച്ച പരിപാടിയിൽ വലിയ സ്വീകരണമാണ് പുതിയ അംഗങ്ങൾക്ക് ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here