ആവശ്യമില്ലാതെ കയറി ചൊറിയരുത്, പ്രധാനമന്ത്രിയാണ് ഒന്നാന്തരം രാഷ്‌ട്രീയക്കാരനുമാണ് മോദി’; കോൺഗ്രസിന് നേരെ പരിഹാസവുമായി സന്ദീപ് വാര്യർ

0

പാലക്കാട്: ലോക്‌സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ സൂചിപ്പിച്ച് കോൺഗ്രസിന് നേരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ടെലി പ്രോം‌പ്‌റ്ററിൽ നോക്കി മോദി പ്രസംഗിച്ചാൽ മതിയായിരുന്നെന്ന് രാഹുൽ ഗാന്ധിയ്‌ക്കും കോൺഗ്രസിനും തോന്നിയ നിമിഷമാണ് ലോക്‌സഭയിലൂടെ കടന്നുപോയതെന്ന് പറഞ്ഞ സന്ദീപ് വാര്യർ ആവശ്യമില്ലാതെ മോദിയെ ചൊറിയരുതെന്ന് ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്റിൽ പറയുന്നു. രാഷ്‌ട്രീയക്കാരനുമാണ് മോദിയെന്നും അതിനാൽ നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നും പരിഹാസ രൂപത്തിൽ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:നരേന്ദ്ര മോദി ടെലി പ്രോംപ്‌റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ നിമിഷങ്ങളാണ് ലോക്സഭയിൽ കടന്നു പോയത് . മുൻ കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെങ്കിൽ ഇങ്ങനെ ഉരുളക്കുപ്പേരി പോലെ തേച്ചൊട്ടിക്കുന്ന പ്രയോഗങ്ങൾ ഉണ്ടാകുമായിരുന്നില്ല .
’27 കോടി ദരിദ്രരെ തങ്ങളുടെ കാലത്ത് സമ്പന്നരാക്കി എന്നാണ് ഒരു അവകാശവാദം (രാഹുൽ ഗാന്ധിയുടെ ) . ഈ കണക്കിലെ തട്ടിപ്പ് രാജ്യത്തെ യുവാക്കൾ മനസ്സിലാക്കണം . പണ്ട് റെയിൽ വെയിൽ ഫസ്റ്റ് ക്ലാസ് , സെക്കന്റ് ക്ളാസ് , തേഡ് ക്ളാസ് എന്നിങ്ങനെ ആയിരുന്നു വേർ തിരിവ് . ക്ളാസ് മനസ്സിലാക്കാൻ ഒരു വര , രണ്ടു വര . മൂന്നു വര ഇടുമായിരുന്നു ഇടക്ക് ഇവർക്ക് തോന്നി തേഡ് ക്ളാസ് മോശമാണെന്ന് , അപ്പോൾ അവർ മൂന്നു വരകളിൽ ഒന്ന് മായ്ച്ചു കളഞ്ഞു . അത് പോലെ ദാരിദ്ര്യം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ തിരുത്തിയ ശേഷം ഇവർ പറയുകയാണ് 27 കോടി ദരിദ്രരെ സമ്പന്നരാക്കി എന്ന് ‘ .
പ്രസംഗത്തിനിടക്ക് ബഹളമുണ്ടാക്കിയ കൊണ്‌ഗ്രെസ്സ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും കിട്ടി കണക്കിന് . ‘ നിങ്ങളുടെ സ്ഥാനം ഈ സമ്മേളന കാലത്ത് നിലനിർത്താനാവശ്യമായ പണി നിങ്ങൾ എടുത്തിരിക്കുന്നു , അവർ നിങ്ങളെ മാറ്റില്ല , ഇനി മിണ്ടാതിരിക്കൂ ‘ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസ ശരം .
ഇതിൽ നിന്ന് കോൺഗ്രസിന് പഠിക്കാനുള്ള സാരാംശം , ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത് . പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ . ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണ് നരേന്ദ്ര ദാമോദർദാസ് മോദി . നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല .

Leave a Reply