കോവിഡ്‌ മരണക്കണക്കില്‍ ഇരട്ടിപ്പുണ്ടായെന്നു കാണിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്‌ ആരോഗ്യ സെക്രട്ടറിയുടെ കാരണംകാണിക്കല്‍ നോട്ടീസ്‌

0

തിരുവനന്തപുരം : കോവിഡ്‌ മരണക്കണക്കില്‍ ഇരട്ടിപ്പുണ്ടായെന്നു കാണിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്‌ ആരോഗ്യ സെക്രട്ടറിയുടെ കാരണംകാണിക്കല്‍ നോട്ടീസ്‌. കണക്കില്‍ ഉള്‍ക്കൊള്ളിക്കാതിരുന്ന മരണങ്ങള്‍ സുപ്രീം കോടതിയുടെ ഉത്തരവ്‌ അനുസരിച്ച്‌ കൂട്ടത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടിവന്നപ്പോള്‍ ഡേറ്റ എന്‍ട്രിയിലുണ്ടായ പിഴവിനാണ്‌ ഡോക്‌ടര്‍മാര്‍ പ്രതിസ്‌ഥാനത്തായത്‌. സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണു ഡോക്‌ടര്‍മാര്‍.
ജില്ലകളില്‍ ക്രോഡീകരിച്ച്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറേറ്റിലേക്കും അവിടെനിന്ന്‌ ആരോഗ്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേയുടെ ഓഫീസിലേക്കും നല്‍കിയിരുന്ന കോവിഡ്‌ മരണക്കണക്കില്‍ വെട്ടിക്കുറയ്‌ക്കലുകള്‍ നടത്തിയാണ്‌ മരണസംഖ്യ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നത്‌. വ്യാപകമായി പരാതി ഉയരുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്‌തതോടെ പൂഴ്‌ത്തിവച്ചിരുന്ന മരണക്കണക്ക്‌ പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തുടര്‍ന്ന്‌, 2020 ജനുവരി 30 മുതല്‍ 2021 ജൂണ്‍ 17 വരെയുള്ള യഥാര്‍ഥ കണക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആരോഗ്യ സെക്രട്ടറി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു (ഡി.എം.ഒ) നിര്‍ദേശം നല്‍കി.
കൂട്ടത്തോടെ ഒറ്റയടിക്കു കൂടുതല്‍ കണക്കുകള്‍ നല്‍കിയപ്പോള്‍ ഡേറ്റ എന്‍ട്രിയില്‍ ചിലയിടത്ത്‌ പ്രശ്‌നമുണ്ടായി. ചില മരണങ്ങള്‍ പട്ടികയില്‍ രണ്ടു തവണ ചേര്‍ക്കപ്പെട്ടു. ആ കാലയളവിലെ 7023 കോവിഡ്‌ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കാനുണ്ടെന്നായിരുന്നു ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറുടെ റിപ്പോര്‍ട്ട്‌. എന്നാല്‍ ജില്ലകളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ ഇത്‌ 8500-നു മുകളിലെത്തി. തുടര്‍ന്നു നടത്തിയ സൂക്ഷ്‌മപരിശോധനയിലാണ്‌ 2021 നവംബര്‍ 17 വരെയുള്ള കണക്കില്‍ 527 മരണങ്ങള്‍ ഇരട്ടിപ്പാണെന്നു കണ്ടെത്തിയത്‌. കോഴിക്കോട്‌, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണു പിഴവുകള്‍. ഇതു ഡി.എം.ഒമാരുടെ വീഴ്‌ചയാണെന്നാണ്‌ ആരോഗ്യ സെക്രട്ടറിയുടെ നിലപാട്‌.
തുടര്‍ന്ന്‌, ഈ അഞ്ചു ജില്ലകളില്‍ ഇക്കാലയളവില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായിരുന്ന ഡോക്‌ടര്‍മാര്‍ക്കെതിരേ നടപടിക്കു തീരുമാനിച്ചു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാവശ്യപ്പെട്ട്‌ ജനുവരി 29-നു മെമ്മോ നല്‍കി. മറുപടി നല്‍കാതിരിക്കുകയോ മറുപടി തൃപ്‌തികരമല്ലാതിരിക്കുകയോ ചെയ്‌താല്‍ നടപടി ഉണ്ടാകുമെന്നാണ്‌ അറിയിപ്പ്‌. ഡേറ്റ എന്‍ട്രി ചെയ്‌തവരുടെ പിഴവാണു കാരണമെന്നും പല ഇരട്ടിപ്പുകളും സെക്രട്ടറിയുടെ ഓഫിസിലുണ്ടായതാണെന്നും ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply