കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി.
അറസ്റ്റ് രേഖപ്പെടുത്തി െവെദ്യപരിശോധന പൂര്‍ത്തീകരിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പ്രതികളെ പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ ചേരടി വീട്ടില്‍ ഫെബിന് റാഫി (26) രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കൂട്ടുപ്രതിയായ കൊല്ലം സ്വദേശി ടോം തോമസ് (26) സ്റ്റേഷനില്‍ തന്നെ ഇരിക്കവെ, ഫെബിന് സ്റ്റേഷന് പിറക് വശത്തെ ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. വസ്ത്രം മാറുന്നതിനായി ഫെബിനെ തനിച്ചാക്കി പോലീസുകാര്‍ മാറിയ തക്കം നോക്കിയാണ് െവെകിട്ട് 6.15ന് സ്റ്റേഷനില്‍ നിന്ന് ചാടിയത്. ഉടന്‍ തന്നെ പോലീസ് നഗരമാകെ ജാഗ്രതാ നിര്‍ദേശം നല്കി.
സ്റ്റേഷനില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെ ലോ കോളജിന്റെ പിന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഫെബിനെ, ഒന്നര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തുകയും പോലീസെത്തി പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരേയും മജിസ്ട്രേട്രേറ്റിന്ന് മുമ്പാകെ ഹാജരാക്കി.
പോലീസ് കാവലില്‍ തുടര്‍ന്ന പ്രതി സ്റ്റേഷനില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് എ.സി.പി: ബിജുരാജ് പറഞ്ഞു.
മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജുവെനെല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. വെള്ളിയാഴ്ച െവെകിട്ടോടെ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ െവെദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജുവെനെല്‍ ഹോമിലെത്തിച്ചു. ബംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പോലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്. വൈദ്യപരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയതെന്ന് വ്യക്തമായി. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പറഞ്ഞു.
ചില്‍ഡ്രന്‍സ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സി.ഡബ്ല്യു.സി നിര്‍ദേശം ഒരു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികള്‍ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതര്‍ ഗുരുതര അലംഭാവം പുലര്‍ത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തല്‍. ചുറ്റുമതില്പോലും തകര്‍ന്ന് ഒട്ടും സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലാണ് ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തിക്കുന്നത്.